
കണ്ണൂര് : കണ്ണൂർ പയ്യന്നൂർ പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയേയും കുടുംബത്തേയും ആക്രമിച്ച് 55ലക്ഷവും സ്വർണവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. അഞ്ചാം പീടിക സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ സനു സന്തോഷ് (42) ആണ് പിടിയിലായത്.
റൂറൽ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കാസർകോട് ജില്ലാഅതിർത്തിയായ ഉപ്പളയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സനുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.
മഹാരാഷ്ട്ര സ്വദേശികളും തലശ്ശേരിയിൽ സ്വർണക്കട നടത്തുന്നവരുമാണ് ആക്രമിക്കപ്പെട്ട കുടുംബം. ജൂൺ രണ്ടിനായിരുന്നു സംഭവം. പയ്യന്നൂർ എടാട്ട് വെച്ച് മഹാരാഷ്ട്ര സ്വദേശിയുടെ കാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയവരാണ് ആക്രമിച്ചത്. കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് ഇറക്കിവിട്ട് രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നു. തുടർന്ന് കാർ കുത്തിക്കീറി നശിപ്പിച്ച് പിലാത്തറയ്ക്ക് സമീപം ഉപേക്ഷിച്ചുവെന്നാണ് കേസ്. നാല് കാറുകളിലായാണ് അക്രമിസംഘമെത്തിയത്. കേസിലെ മറ്റ് പ്രതികളെ കണ്ടെത്താനായി പോലീസിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






