
ഇന്ത്യൻ ഇരുചക്ര വാഹന നിർമാതക്കളായ ബജാജ് ഓട്ടോ തങ്ങളുടെ സ്പോർട്സ് ടൂറിംഗ് വിഭാഗത്തിലേക്ക് പുതിയ ഡൊമിനാർ 250 മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് 20-ന് വാഹനത്തിന്റെ ഔദ്യോഗിക അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോർട്ട്.
പുതിയ ഡൊമിനാർ 250-യുടെ ടീസർ വീഡിയോയും ബജാജ് ഇപ്പോൾ പങ്കുവെച്ചു. കെടിഎം ഡ്യൂക്ക് 250, ഹസ്ഖ്വർണ വിറ്റ്പിലൻ 250, സ്വാർട്ട്പിലൻ 250 എന്നിവയ്ക്ക് ശേഷം ബജാജ് ഓട്ടോയിൽ നിന്നുള്ള നാലാമത്തെ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളാണിത്. കാഴ്ചയിൽ, ബജാജ് ഡൊമിനാർ 250 ഡൊമിനാർ 400 ന് സമാനമാണ്. റെഡ് കളറിൽ പുതിയ 250 മോഡൽ തെരഞ്ഞെടുക്കാനാകും എന്നതും ശ്രദ്ധേയമാണ്.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഹെഡ്ലാമ്പ്, ഇൻവേർട്ടഡ് ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്ക്, മോണോഷോക്ക് റിയർ സസ്പെൻഷൻ എന്നിവയെല്ലാം ഡൊമിനാർ 400 ന് സമാനമാണ്. പുതിയ ബജാജ് ഡൊമിനാർ 250 യിൽ ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ ഇടംപിടിക്കുന്നുണ്ടെങ്കിലും ഇത് ഡ്യുവൽ ചാനൽ അല്ലെങ്കിൽ സിംഗിൾ-ചാനൽ എബിഎസ് നൽകുമോ എന്ന് പിന്നീട് അറിയാം. 250 സിസി വകഭേദം നിലവിലുള്ള ഡൊമിനാർ 400 നെക്കാൾ 30,000 രൂപ വിലകുറവായിരിക്കും.






