
ആര്‍ത്തവം കൃത്യമല്ല ഗര്‍ഭാശയത്തില്‍ മുഴ
എന്റെ മകള്‍ക്ക് 15 വയസ്. ഉയരവും തൂക്കവും ആനുപാതികമാണ്. 12 വസില്‍ കുട്ടിക്ക് ആര്‍ത്തവമായി. നാലഞ്ച് മാസമായി മകള്‍ക്ക് ആര്‍ത്തവം കൃത്യമായിരുന്നില്ല. ഡോക്ടറെ കാണിച്ച് പരിശോധിച്ചപ്പോള്‍ ഗര്‍ഭാശയത്തില്‍ മുഴയുണ്ടെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് പക്ഷേ, ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല. കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് ഗര്‍ഭാശയ മുഴ സാധാരണമാണോ? അങ്ങനെയെങ്കില്‍ മരുന്നുകൊണ്ട് ചികിത്സിച്ച് മാറ്റാന്‍ സാധിക്കില്ലേ? ഈ പ്രായത്തില്‍ സര്‍ജറി ഒഴിവാക്കുന്നതല്ലേ നല്ലത്?
--- പ്രമീള , കോയമ്പത്തൂര്‍
ഗര്‍ഭാശയത്തില്‍ മുഴയുണ്ട് എന്നല്ലാതെ അതിന്റെ സ്ഥാനം, വലുപ്പം തുടങ്ങിയ കാര്യങ്ങള്‍ കത്തില്‍ വ്യക്തമല്ല. ഇതു കൂടി അറിഞ്ഞാല്‍ മാത്രമേ ശസ്ത്രക്രിയ ആവശ്യമുണ്ടോ എന്ന് പറയാനാവുകയുള്ളൂ.
ഗര്‍ഭാശയത്തില്‍ കണ്ടുവരുന്ന എല്ലാ മുഴകള്‍ക്കും സര്‍ജറി വേണ്ടി വരില്ല. എന്തായാലും വിദഗ്ധ പരിശോധന നടത്തി എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.
യോനിയില്‍ കുരുക്കള്‍
എനിക്ക് 35 വയസ്. അവിവാഹിതയാണ്. എന്റെ യോനിയുടെ വശങ്ങളില് വലിയ കുരു ഉണ്ടാകുന്നു. ഇതേത്തുടര്‍ന്ന് ഇവിടെമാകെ ചുവന്നു തടിക്കുന്നു. കടുത്ത വേദനയുമുണ്ട്. മൂത്രമൊഴിക്കാനും നടക്കാനുമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടും. ഒരാഴ്ച കഴിഞ്ഞാണ് കുരു പൂര്‍ണമായും മാറുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്?
--- എ.എന്‍.എന്‍ , മാള
ജനനേന്ദ്രിയ ഭാഗങ്ങളില്‍ കുരുക്കള്‍ ഇടയ്ക്കിടെ കണ്ടുവരുന്നുണ്ടെങ്കില്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ എത്രയും വേഗം ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തണം. അണുബാധകൊണ്ടാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. പ്രശ്നം നിസാരമായി കാണുന്നത് അപകടകരമാണ്.
സ്തനങ്ങളുടെ വലുപ്പം കുറയ്ക്കാനാകുമോ?
20 വയസുള്ള ഡിഗ്രി വിദ്യാര്‍ഥിനിയാണ്. തടിച്ച ശരീരപ്രകൃതമാണ് എനിക്ക്. എന്റെ സ്തനങ്ങള്‍ക്ക് വലുപ്പക്കൂടുതലാണ്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അഭംഗി തോന്നുന്നു. പുറത്തുപോകുമ്പോള്‍ ആളുകള്‍ കളിയാക്കുന്നു. ഇതുകൊണ്ട് ഞാന്‍ മാനസികമായി ആകെ തളര്‍ന്നിരിക്കുകയാണ്. സ്തനങ്ങളുടെ വലുപ്പം കുറയ്ക്കുവാന്‍ കഴിയുമോ? സര്‍ജറിയിലൂടെ വലുപ്പം കുറച്ചാല്‍ ഭാവിയില്‍ കുഞ്ഞിന് മുലയൂട്ടുന്നതിനും മറ്റും തടസമാകുമോ?
--- എലിസബത്ത് , കുവൈറ്റ്
ശരീരപ്രകൃതവും പാരമ്പര്യവും അനുസരിച്ചാണ് സ്തനങ്ങളുടെ വലുപ്പം. തടിച്ച ശരീരപ്രകൃതമുള്ളവരില്‍ സ്തനങ്ങള്‍ക്കും വലുപ്പക്കൂടുതല്‍ ഉണ്ടാകാം. ഇത് സ്വാഭാവികമാണ്. അതിനാല്‍ സ്തനവലുപ്പം കുറയ്ക്കേണ്ടതിന്റെ ആവശ്യമുണ്ടോ എന്ന് ആലോചിച്ച് തീരുമാനമെടുക്കുക. വസ്ത്രധാരണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ഇതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒരുപരിധിവരെ ഒഴിവാക്കാനാവും.
സ്തനവലുപ്പം പ്രകടമാകാത്തരീതിയിലുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുക. അപ്പോള്‍ മറ്റുള്ളവരുടെ കളിയാക്കലുകളില്‍ നിന്നും രക്ഷപെടാം. ഇനി സ്തനവലുപ്പം കുറയ്ക്കണമെന്നുണ്ടെങ്കില്‍ അതിനുള്ള ശസ്ത്രക്രിയകളുണ്ട്. ശസ്ത്രക്രിയയിലൂടെ സ്തനവലുപ്പം കുറച്ചു എന്നു കരുതി ഗര്‍ഭം ധരിക്കുന്നതിനോ കുഞ്ഞിന് മുലയൂട്ടുന്നതിനോ യാതൊരു തടസവുമില്ല.
ഡോ. ഉമ രാധേഷ്
സീനിയര്‍ സ്പെഷലിസ്റ്റ്
ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി
ആസ്റ്റര്‍ മിംസ്, കോഴിക്കോട്






