
എറണാകുളം: കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രശ്സ്തമായ 'കവര്‍' എന്ന കായലിലെ നീല വെളിച്ചം കാണാന്‍ കുമ്പളങ്ങിയിലേക്ക് ആളുകള്‍ എത്തിയതോടെ മുന്നറിയിപ്പുമായി പോലീസ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി കാവര്‍ കാണാന്‍ എത്തുന്നവരെ മടക്കിയയക്കുമെന്ന് പള്ളുരുത്തി പോലീസ് സിഐ ജോയ് മാത്യു അറിയിച്ചു.
ഇതിന്റെ ഭാഗമായി കുമ്പളങ്ങി വഴി ചെല്ലാനം തീരദേശ റോഡ്, എഴപുന്ന പാലം എന്നിവിടങ്ങളില്‍ പോലീസ് വാഹനപരിശോധന ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ മുതല്‍ കവര്‍ കാണാന്‍ എത്തുന്നവര്‍ക്ക് ഇതുസംബന്ധിച്ച ബോധവത്കരണം നല്‍കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹെല്‍ത്ത് എമര്‍ജന്‍സ് ആക്ട് പ്രകാരം ആള്‍ക്കൂട്ടം കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് പാലിക്കാതെയാണ് കഴിഞ്ഞ ഒരാഴ്ചയായി രൂപപെട്ട കവര്‍ കാണാന്‍ ജനങ്ങള്‍ എത്തുന്നതെന്ന് ഹെല്‍ത്ത് അധികൃതര്‍ വ്യക്തമാക്കുന്നു.
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞ അത്ഭുത പ്രതിഭാസമാണ് കവര്‍ (ബയോലുമിന്‍സെന്‍സ്). ബാക്ടീരിയ, ഫങ്കസ്, ആല്‍ഗേ പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇത് കാണാനാകുക. കായലില്‍ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തില്‍ ഇവ ദൃശ്യമാവും. കായലില്‍ ഉപ്പിന്റെ അളവ് കൂടുന്തോറും പ്രകാശം വര്‍ധിക്കും. മഴക്കാലമായാല്‍ ഇവ അപ്രത്യക്ഷമാവുകയും ചെയ്യും. വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ വരെ ആഞ്ഞിലിത്തറ, കുമ്പളങ്ങി- കണ്ടക്കടവ് റോഡ്, എന്നിവിടങ്ങളില്‍ കാണാനെത്തുന്നവരുടെ തിരക്കാണ്.






