
ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരുന്ന നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാകുന്നതിന് തലേ രാത്രിയില്‍ തീഹാര്‍ ജയില്‍ കാത്തിരുന്നത് ഉറങ്ങാതെ. ജയില്‍ പൂര്‍ണ്ണമായും അടച്ചിരുന്നെങ്കിലും തടവുകാര്‍ ആരും തന്നെ ഉറങ്ങിയിരുന്നില്ല. മുകേഷ് കുമാര്‍ സിങ് (32), പവന് ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെ സംഭവം നടന്ന് ഏഴു വര്‍ഷത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ 5.20 നായിരുന്നു തൂക്കിലേറ്റിയത്.
കൂട്ടബലാത്സംഗക്കേസില്‍ നാലു പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്നത് രാജ്യത്ത് ആദ്യമാണ്. നാലുകുറ്റവാളികളും രാത്രിയില്‍ ഉറങ്ങിയിരുന്നില്ലെന്നും സമ്മര്‍ദ്ദത്തിലായിരുന്നെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. കുളിക്കാനോ ചായ കുടിക്കാനോ അവര്‍ തയ്യാറായില്ല. മകനെ കാണണമെന്ന് അക്ഷയ്കുമാര്‍ സിംഗ് അവസാന സമയം വരെ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കൂടുതല്‍ മാനസീക സമ്മര്‍ദ്ദത്തിലേക്ക് നയിക്കുമെന്ന കാരണത്താന്‍ ഒഴിവാക്കി. കഴുമരം ഉറപ്പായി അവസാന ഹര്ജിയൂം തള്ളിയതോടെ അക്ഷയ് യുടെ ഭാര്യ തീഹാര്‍ ജയിലിന് മുന്നില്‍ കുഴഞ്ഞുവീണു.
തീഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ മുറിയിലെ കഴുമരത്തില്‍ ഒരേ സമയത്താണ് നാല് കുറ്റവാളികളെയും തൂക്കിലേറ്റിയത്. മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ ആരാച്ചാര്‍ പവന്‍കുമാറാണ് കൃത്യം നിര്‍വ്വഹിച്ചത്. അര മണിക്കുറിന് ശേഷം മൃതദേഹങ്ങള്‍ കഴുമരത്തില്‍ നിന്നും താഴെയിറക്ക് ദീന്‍ദയാല്‍ ഉപാദ്ധ്യായ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി. ശിക്ഷ നടപ്പാകുമ്പോര് നിര്‍ഭയയുടെ ചിത്രം മാതാവ് ആശാദേവി കെട്ടിപ്പിടിച്ചു. പിന്നീട് നിനക്ക് നീതി നടപ്പായെന്ന് ഫോട്ടോയില്‍ നോക്കി പറഞ്ഞു.
ഏഴുവയസ്സുള്ള മകനെ കാണാന്‍ അക്ഷയ് അമിതമായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മകന് ഒരു വയസ്സ് ഉള്ളപ്പോഴായിരുന്നു സംഭവം നടന്നത്. ശിക്ഷ നീട്ടുന്നതിനായി അക്ഷയ് യുടെ ഭാര്യ വിവാഹമോചന ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. തനിക്ക് വിധവയായി ഇരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ വിവാഹമോചനം വേണമെന്നും ആയിരുന്നു ആവശ്യം. ശിക്ഷ നടപ്പാക്കുന്ന തീഹാര്‍ ജയിലിന് മുന്നില്‍ വന്‍ ജനാവലിയായിരുന്നു.
ജയിലിന് പുറത്ത് ആഹ്ലാദാരവം നടത്തി മധുരം വിളമ്പിയാണ് ശിക്ഷയെ രാജ്യം വരവേറ്റത്. നിര്‍ഭയയുടെ വീടിന് മുന്നിലും ആഹ്ലാദപ്രകടനം നടന്നു. അതേസമയം ശിക്ഷയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ജയിലിന് മുന്നില്‍ രാത്രി ഉറങ്ങാതെ കാത്തിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഡല്‍ഹി പോലീസും അര്‍ദ്ധസൈനിക വിഭാഗവും ഉണ്ടായിരുന്നു. വധശിക്ഷയെ അനുകൂലിക്കുന്നവര്‍ ശിക്ഷ രാജ്യത്തെ നരാധമന്മാര്ക്ക് മാതൃകയാണ് എന്ന് പറഞ്ഞപ്പോള്‍ ഈ ശിക്ഷ കൊണ്ട് രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ ഇല്ലാതാകുന്നില്ലെന്നായിരുന്നു വധശിക്ഷ എതിര്‍ക്കുന്നവര്‍ പറഞ്ഞത്.
നാലുപേരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കുന്നത് രാജ്യത്ത് അപൂര്‍വ സംഭവമാണ്. ജോഷി അഭയങ്കാര്‍ കൊലക്കേസുകളില്‍, 1983 ഒക്ടോബര്‍ 25ന് പുണെ യര്‍വാഡ ജയിലില്‍ കൊടുംകുറ്റവാളിസംഘത്തിലെ നാലു പേരെ തൂക്കിലേറ്റിയിരുന്നു. സംസ്കൃതപണ്ഡിതന്‍ കാശിനാഥ് ശാസ്ത്രി അഭയങ്കറും കുടുംബവും വിജയനഗറിലെ ജോഷിയും കുടുംബവും ഉള്‍പ്പടെ 1976 - 77 കാലഘട്ടത്തില്‍ പുണെ നഗരത്തില്‍ ഉണ്ടായ 10 കൊലപാതകങ്ങളുടെ പേരില്‍ സംഘത്തലവന് രാജേന്ദ്ര യെല്ലപ്പ ജക്കല്‍, ദിലീപ് സുതാര്‍ , ശാന്താറാം ജഗ്താപ് ,മുനാവര്‍ ഹരുണ്‍ഷാ എന്നിവരെയാണ് അന്നു തൂക്കിലേറ്റിയത്.






