
ന്യൂയോര്‍ക്ക്: മീ ടൂ ആരോപണത്തെ തുടര്‍ന്നു ന്യൂയോര്‍ക്കിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വേ വെയ്ന്സ്റ്ററിനു കോവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍. രോഗം സ്ഥീകരിച്ചതിനെ തുടര്‍ന്നു ന്യൂയോര്‍ക്ക് സിറ്റിയിലെ റിക്കേഴ്സ് ഐലന്റില്‍ നിന്നും കൂടുതല്‍ സുരക്ഷിതമായ കിഴക്കന്‍ ബഫലോയിലെ ജയിലിലേക്കു ഹാര്‍വെയെ മാറ്റി. മുന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹാലെ, നടി ജെസീക്ക മാനെ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് ഹാര്‍വെയെ ശിക്ഷയ്ക്ക് വിധിച്ചത്. ഇവര്‍ക്കെതിരേ ലൈംഗിക അതിക്രമം നടത്തിയതിന് 23 വര്‍ഷത്തെ ജയില്‍ വാസം ആണ് ഇയാള്‍ക്ക് കോടതി വിധിച്ചത്. മാര്‍ച്ച് 11നാണ് ഇയാളെ ശിക്ഷയ്ക്ക് വിധിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 68കാരനായ ഹാര്‍വേ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ഹാര്വെയ്്ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇയാള്‍ക്ക് രക്തസമ്മര്‍ദ്ദവും ഡയബറ്റിസും ഉണ്ടെന്ന് ഇയാളുടെ വക്താവായ ജൂഡാ എംഗല് മേയര്‍ പറഞ്ഞു. എന്നാല്‍ ഹാര്‍വേയ്ക്ക് രോഗം ഉള്ളതായി നിയമസംഘം സ്ഥിരീകരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു. ന്യൂയോര്‍ക്കിലെ പ്രാദേശിക പത്രമായ നയാഗ്ര ഗസറ്റാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
മീ ടൂ ആരോപണം ഉയര്‍ത്തി നൂറിലേറെ സ്ത്രീകളായിരുന്നു ഹാര്വെയ്ക്കെതിരേ രംഗത്ത് വന്നത്. ആരോപണങ്ങളെയെല്ലാം ഹാര്‍വെ തള്ളിക്കളയുകയാണ് ഉണ്ടായത്.






