
കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യം കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്. കേരളം ഉൾപ്പടെ 19 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും അടച്ചിടൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ടി വരികയും ആളുകൾക്ക് പരമാവധി സമയം വീട്ടിൽ ചെലവിടേണ്ടി വരികയും ചെയ്യും.
ഓഫീസുകൾ അടച്ചിടുമ്പോൾ വർക്ക് ഫ്രം ഹോം എന്ന ആശയം നടപ്പിലാക്കുകയാണ് സ്ഥാപനങ്ങൾ. ഇതിന്റെ ഭാഗമായി വീടുകളിലെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയും മൊബൈൽ ഇന്റർനെറ്റും പതിവിൽ കൂടുതലായി ഉപയോഗിക്കുന്ന സ്ഥിതി വരും. വീഡിയോ കോൺഫറൻസിങ്, വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിം എന്നിവയുടെ ഉപയോഗം വർധിക്കുന്നതും മൊബൈൽ ഇന്റർനെറ്റ് ഉപയോഗം വർധിക്കുന്നതും രാജ്യത്ത് കണക്റ്റിവിറ്റി പ്രശ്നങ്ങളുണ്ടാക്കാൻ വഴിയൊരുക്കും.
യൂറോപ്പിൽ ഇത് കണ്ടതാണ്. അവിടെ നെറ്റ് വർക്കിൽ തിരക്കനുഭവപ്പെട്ടതിനെ തുടർന്ന് ഇന്റർനറ്റ് കണക്റ്റിവിറ്റിയിൽ തടസങ്ങൾ നേരിടാൻ തുടങ്ങി. വീട്ടിലിരുന്നു കൊണ്ടുള്ള വിനോദങ്ങൾക്കും ജോലിക്കും തുടർച്ചയായ ഇന്റർനെറ്റ് ലഭിക്കാതെ വന്നു. പരാതി ഉയർന്നതോടെ ഡാറ്റാ ഉപയോഗം പരിമിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയാണ് അധികൃതർ ചെയ്തത്.
ഇതിന്റെ ഭാഗമായി യൂട്യൂബ്, നെറ്റ് ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള വീഡിയോ സ്ട്രീമിങ് സേവനങ്ങളെല്ലാം ദൃശ്യനിലവാരം കുറച്ചു. എങ്കിലും നെറ്റ് വർക്കിന്റെ വേഗക്കുറവ് ഇപ്പോഴും നേരിടുന്നുണ്ട്. വിനോദങ്ങൾക്ക് വേറെ വഴിയില്ലാത്തതിനാൽ ആളുകൾ ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനങ്ങളെ ആശ്രയിക്കുകയാണ്. ഇന്ത്യയിലും ഇത് തന്നെയാവും അവസ്ഥ. വരുംദിവസങ്ങളിൽ ഇന്റർനെറ്റ് ഉപയോഗം വർധിക്കുന്നതിലൂടെ കണക്ടിവിറ്റിയിലും പ്രശ്നങ്ങൾ നേരിട്ടേക്കാം. പ്രത്യേകിച്ചും വ്യവസായ കേന്ദ്രങ്ങളായ നഗരങ്ങളിൽ.






