
മഹീന്ദ്ര ഒടുവിൽ തങ്ങളുടെ XUV300 ഡീസൽ പതിപ്പുകൾ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചു. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് പുതിയ മോഡൽ. മഹീന്ദ്ര XUV300-യുടെ വിലയിൽ വർധനവുണ്ടായിട്ടില്ല. ഇപ്പോഴും എൻട്രി ലെവൽ ഡീസൽ പതിപ്പിന് 8.69 ലക്ഷം രൂപയാണ് പ്രാരംഭ വില. ഉയർന്ന മോഡലായ ഓട്ടോമാറ്റിക് വകഭേദത്തിന് 12.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
വേരിയന്റുകളിൽ അല്പം മാറ്റം വരുത്തിയിട്ടിട്ടുണ്ട്. എന്നാൽ, മുമ്പ് ലഭ്യമായ W8 AMT പതിപ്പിനെ ഇപ്പോൾ ശ്രേണിയിൽ നിന്നും ഒഴിവാക്കി. കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സ് ഇപ്പോൾ W6, W8 (O) വകഭേദങ്ങളിൽ ഒരു ഓപ്ഷനായി മാത്രമേ ലഭ്യമാകൂ. റിപ്പോർട്ട് പ്രകാരം മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഡിസൈന്‍ കമ്പനിയായ പിന്‍ഫരീനയുടെയും സാങ്യോങിന്റെയും സഹായത്തോടെയാണ് XUV300-യുടെ ഡിസൈന്‍ പൂർത്തിയാക്കിയിരിക്കുന്നത്.
മെക്കാനിക്കല്‍ സവിശേഷതകളിലും മാറ്റങ്ങള്‍ ഉണ്ട്. ബിഎസ്-VI ഡീസൽ XUV300-ന് 1.5 ലിറ്റർ എഞ്ചിനാണ് കരുത്തേകുന്നത്. ബിഎസ്-IV പതിപ്പ് ഉത്പാദിപ്പിച്ചിരുന്ന 117 bhp പവറിന് പകരം നവീകരിച്ച മോഡൽ 115 bhp മാത്രമാണ് നൽകുന്നത്. എന്നാൽ 300 Nm ടോർക്ക് അതേപടി നിലനിർത്തിയിട്ടുണ്ട്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഓപ്ഷണൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഒരുങ്ങുന്നു. 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലും പുത്തൻ ബിഎസ്-VI മഹീന്ദ്ര XUV300 തെരഞ്ഞെടുക്കാം.






