
തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണത്തിലിരിക്കാന്‍ നല്കിയ നിര്‍ദേശം പാലിക്കാതെ നാട്ടിലേക്ക് പോയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയ്ക്ക് സസ്പെന്ഷന്. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കും. അനുപം മിശ്രയ്ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ അബ്ദുള്‍ നാസറിന്റെ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു.
ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കൃത്യവിലോപനമാണെന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് ചെയ്യാന്‍ പാടില്ലാത്തതാണെന്നും സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുപം മിശ്രയുടെ ഗണ്‍മാനും ഡ്രൈവര്‍ക്കുമെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അനുപം മിശ്ര തന്റെ കണ്ണുവെട്ടിച്ച് കടന്നുവെന്നാണ് ഗണ്മാന് നല്കിയ മൊഴി. എന്നാല്‍ ഇവരുടെ അറിവില്ലാതെ അനുപം മിശ്രയ്ക്ക് തിരുവനന്തപുരം വിമാനവാത്തവളം വരെ എത്തില്ലെന്നാണ് അന്വേഷണ ഉേദ്യാഗസ്ഥരുടെ നിഗമനം.
ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാനുള്ള നിര്‍ദേശം മറികടന്ന് കാണ്‍പൂരിലേക്ക് പോയതില്‍ അനുപം മിശ്രയ്ക്കെതിരെ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തിരുന്നു. പകര്‍ച്ചവ്യാധി പടര്‍ത്താന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. രണ്ടു വര്‍ഷം വരെ തടവും പിഴയുംലഭിക്കാവുന്ന കുറ്റമാണ്.
2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയ്ക്കെതിരെ മുന്‍പും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചട്ടം ലംഘിച്ച് തോക്ക് ലൈസന്‍സ് എടുക്കാന്‍ ശ്രമിച്ചതിനാണിത്.
സിംഗപ്പുര്‍, മലേഷ്യ എന്നിവിടങ്ങളില്‍ ഹണിമൂണ്‍ ആഘോഷിച്ച ശേഷം തിരിെച്ചത്തിയ അനുപം മിശ്രയോട് മാര്‍ച്ച് 19നാണ് ഹോം ക്വാറന്റൈനില്‍ പോകാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. ഔദ്യോഗിക വസതിയില്‍ താമസിക്കേണ്ടതിനു പകരം അന്നു തന്നെ തിരുവനന്തപുരം വിമാനത്താവളം വഴി കാണ്‍പൂരിലേക്ക് കടക്കുകയായിരുന്നു.
ഔദ്യോഗിക വസതിയില്‍ രാത്രി വെളിച്ചം കാണാതെ വന്നതോടെ സംശയം തോന്നിയ ആരോഗ്യപ്രവര്‍ത്തകര്‍ ജില്ലാ കലക്ടറെ വിവരം ധരിപ്പിച്ചു. കലക്ടര്‍ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ ബംഗലൂരുവില്‍ സഹോദരനൊപ്പമാണെന്ന മറുപടിയാണ് നല്‍കിയത്. എന്നാല്‍ മൊബൈല്‍ ടവര്‍ പരിശോധിച്ചതില്‍ നിന്ന് കാണ്‍പൂരിലാണെന്ന് ബോധ്യപ്പെട്ടിരുന്നു.
ഹോം ക്വാറന്റൈനില്‍ കഴിയാതെ പോയതിനെ കുറച്ച് കലക്ടര്‍ ആരാഞ്ഞപ്പോള്‍, 'ഹോം ക്വാറന്റൈന് എന്നാല്‍ സ്വന്തം വീട്ടില്‍ പോയി താമസിക്കാനാണ്' നിര്‍ദേശിച്ചതെന്നാണ് താന്‍ ധരിച്ചതെന്നായിരുന്നു സബ് കലക്ടര്‍ നല്കിയ മറുപടി.






