
തിരുവനനന്തപുരം: കൊറോണയുടെ മറവില്‍ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധം അവസാനിക്കുന്നില്ല. മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ്. ശ്രീറാമിന്റെ കാറിടിച്ചാണ് കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്്.
ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായിട്ടാണ് ശ്രീറാമിനെ നിയമിച്ചിരിക്കുന്നത്്. എന്നാല്‍, കേസില്‍ ആരോഗ്യവകുപ്പിലെ ജീവനക്കാരും സാക്ഷിമൊഴി നല്‍കേണ്ടതാണ്. ഈ സാഹചര്യത്തില്‍ ശ്രീറാമിനെ തിരികെ നിയമിച്ചാല്‍ അത് സാക്ഷിമൊഴികളെ ബാധിക്കുമെന്നാണ് വിമര്‍ശനം. ശ്രീറാമിനെ നിയമിക്കുന്നതിന് മുന്‍പ് മാധ്യമപ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും കേസ് തീരുന്നതുവരെ ശ്രീറാമിനെ തിരികെ സര്‍വീസില്‍ എടുക്കരുതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിലെ വിവിധ വകുപ്പുകളുടെ നടപടികള്‍ ഏകോപിപ്പിക്കുന്ന ചുമതലയാണ് ശ്രീറാമിന് നിലവില്‍.
2019 ഓഗസ്റ്റ് അഞ്ചിനാണ് ശ്രീറാമിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പിന്നീട് സസ്പെന്ഷന് കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. സസ്പെന്ഷന് കാലാവധി അവസാനിക്കാനിരിക്കെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയത് കണക്കില്‍ എടുത്ത് സര്‍വീസില്‍ തിരികെ കയറാനായി ശ്രീറാം ആദ്യം ശ്രമം നടത്തിയിരുന്നു. കുറ്റപത്രം നല്കി കഴിഞ്ഞാല്‍ സസ്പെന്ഷന് റദ്ദാക്കാന്‍ കഴിയില്ല. ഇത് കണക്കിലെടുത്തായിരുന്നു ശ്രീറാമിന്റെ നീക്കം.
ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍പേഴ്സണായ സമിതി ശുപാര്‍ശ നല്‍കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇത് തളളി. കൂടാതെ 2020 ജനുവരി മുപ്പതിന് 90 ദിവസം കൂടി സസ്പെന്ഷന് കാലാവധി നീട്ടുകയും ചെയ്തിരുന്നു. 2020 ഫെബ്രുവരി ഒന്നിനായിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇത് പൂര്‍ത്തിയാകാന്‍ 39 ദിവസം ബാക്കിയുളളപ്പോഴാണ് പുതിയ നിയമനം.






