
ഉക്രെയ്നിലെ വാഹന നിര്‍മാതാക്കളായ ഡെല്‍ഫാസ്റ്റ് രണ്ട് പുതിയ ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ചു. ഡെല്‍ഫാസ്റ്റ് പ്രൈം 2.0, പാര്‍ട്ണര്‍ 2.0 എന്നിങ്ങനെ രണ്ട് പുതിയ മോഡലുകളാണ് അവതരിപ്പിച്ചത്. ഉയര്‍ന്ന കരുത്തും കൂടിയ മൈലേജുമാണ് ഇരുമോഡലുകളുടെയും പ്രധാന സവിശേഷത.
ഇരുമോഡലുകളെയും വ്യത്യസ്തമായ ഡിസൈനിലാണ് കമ്പനി പുറത്തിറക്കിയത്. നേരത്തെ കൂടുതല്‍ മൈലേജ് ലഭിക്കുന്ന ഇലക്ട്രിക്ക് സ്കൂട്ടറിനെ അവതരിപ്പിച്ച് ഗിന്നസ് ബുക്കില്‍ കമ്പനി ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. പ്രൈം 2.0 യില്‍ 3.3 kWh ബാറ്ററിയാണ് ഇടംപിടിച്ചിരിക്കുന്നത്. മണിക്കൂറില്‍ 45 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത. ഒറ്റചാര്‍ജില്‍ ഏകദേശം 394 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഹൈ / ലോ ബീം ഉപയോഗിച്ച് നവീകരിച്ച ഹെഡ്, ഡ്യുവല്‍ ഫ്രണ്ട് ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
പാര്‍ട്ണര്‍ 2.0 പ്രൈം 2.0 മോഡലിനെക്കാള്‍ ചെറിയ മോഡലാണ്.ഈ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ കരുത്ത് 2.0 kWh ബാറ്ററിയാണ്. ഒറ്റ ചാര്‍ജില്‍ ഏകദേശം 120 കിലോമീറ്റര്‍ ദൂര സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോർട്ട്. 2020 ജൂലൈ മാസത്തോടെ മോഡലുകളെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.






