
പുതിയ ഹെവിവെയ്റ്റ് ക്രൂയിസർ മോട്ടോർസൈക്കിളായ R18-ന്റെ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്. റിപ്പോർട്ട് പ്രകാരം ഒരു ലക്ഷം രൂപ വാങ്ങിയാണ് ഡീലർഷിപ്പുകൾ ബുക്കിംഗ് സ്വീകരിക്കുന്നത്. ബിഎംഡബ്ല്യു ഇന്ത്യൻ വിപണിയിൽ പ്രീമിയം ബൈക്കിനെ അവതരിപ്പിക്കുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു ,മുമ്പ് തന്നെ ഡീലർഷിപ്പുകൾ പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.
വ്യക്തിഗത അഭിരുചിക്കനുസരിച്ച് ബൈക്കിന്റെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തുന്ന വൈവിധ്യമാർന്ന കസ്റ്റമൈസേഷൻ ഓപ്ഷൻ ബിഎംഡബ്ല്യു മോട്ടോറാഡ് ഒരുക്കിയിട്ടുണ്ട്. ഇതിൽ ഇഷ്ടാനുസൃതമായി നിർമിച്ച സീറ്റുകൾ, എക്സ്ഹോസ്റ്റുകൾ, സൈഡ് പാനലുകൾ, ഹാൻഡിൽബാർ എന്നിവയും ഉൾപ്പെടുന്നു. R18 ക്രൂയിസറിന് ഏകദേശം 18 മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. 1,802 സിസി എയർ-ഓയിൽ-കൂൾഡ് എഞ്ചിന് ആയിരിക്കും വാഹനത്തിൽ. R18-ക്ക് കരുത്ത് പകരുന്ന ഈ യൂണിറ്റ് 4,750 rpm-ൽ 91 bhp പവറും 3,000 rpm-ൽ 158 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
റെയിൻ, റോൾ, റോക്ക് എന്നീ മൂന്ന് റൈഡ് മോഡുകളും അതോടൊപ്പം സ്വിച്ചുചെയ്യാവുന്ന ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ, എഞ്ചിൻ ഡ്രാഗ് ടോർഖ് നിയന്ത്രണം എന്നിവ ഉണ്ട്. 345 കിലോഗ്രാം ഭാരമാണ് വാഹനത്തിന്. ഹീറ്റഡ് ഗ്രിപ്പുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, കോർണറിംഗ് ലൈറ്റുകൾ, ഇലക്ട്രിക് മോട്ടോർ ഓടിക്കുന്ന റിവേഴ്സ് ഗിയർ എന്നിവ പോലുള്ള അധിക സവിശേഷതകളും ബിഎംഡബ്ല്യു ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നു.






