
ഇന്‍ഡോര്‍: ആശുപത്രി അധികൃതരുടെ അവഗണനയെ തുടര്‍ന്ന് രണ്ട് കൊവിഡ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലാണ് രണ്ട് സംഭവങ്ങളും. ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്താന്‍ കഴിയാതെയാണ് മരണം.
ഇന്‍ഡോറിലെ ബദ്വാലി ചൗകിയില്‍ പാണ്ഡു ചന്ദനെ (60) ആണ് മരിച്ചവരില്‍ ഒരാള്‍. ശ്വാസതടസ്സത്തെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ എത്തിയ ഇദ്ദേഹത്തെ ചില മരുന്നുകള്‍ കുറിച്ചുനല്കി വീട്ടിലേക്ക് അയക്കുകയായിരുന്നു. വീട്ടിലെത്തി അധികം വൈകാതെ രോഗം മൂര്ഛിച്ചുവെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് സേവനം ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല. ഇതോടെ മഹാരഹ യെഷ്വന്തറാവു സര്‍ക്കാര്‍ ആശുപത്രിയിലെ ഒ.പി വിഭാഗത്തിലേക്ക് സ്കൂട്ടറില്‍ എത്തിക്കാനുള്ള ശ്രമത്തിലായി വീട്ടുകാര്‍. വഴിമധ്യേ സ്കൂട്ടറിലിരുന്ന് ഇയാള്‍ മരണമടയുകയായിരുന്നു.
എന്നാല്‍ കുടുംബത്തിന്റെ ആരോപണം ഇന്‍ഡോര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രവീണ്‍ ജാഡിയ നിഷേധിച്ചു. തിങ്കളാഴ്ച മരുന്നുവാങ്ങി വീട്ടിലേക്ക് പോയ രോഗിയുടെ നില വഷളായതോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അവിടെ നിന്ന് മഹാരഹ യെഷ്വന്തറാവു ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതോടെ വീട്ടുകാര്‍ സ്കൂട്ടറില്‍ കൊണ്ടുവരികയായിരുന്നുവെന്നും മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. മരിച്ചനിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.






