തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ ഉത്തരവ് കീറിയ അധ്യാപകര്ക്കിടയില് മാതൃകയായി വിദ്യാര്ത്ഥികള്. തിരുവനന്തപുരം ജില്ലയിലെ പോത്തന്കോട് ഗവ. യു.പി സ്കൂളിലെ വിദ്യാര്ത്ഥികള് 17162 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. മന്ത്രി കടകംപള്ളി സുരേന്ദ്രന് തുക ഏറ്റുവാങ്ങി.
പോക്കറ്റ് മണി സ്വരുപിച്ചതും വിഷുക്കൈനീട്ടം ലഭിച്ചതും സൈക്കില് വാങ്ങാന് കൂട്ടിവച്ചതുമായ തുകയാണ് വിദ്യാര്ത്ഥികള് നാടിനായി നല്കിയത്. മാസം ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്ക് ശമ്പളം പിടിക്കാനുള്ള ഉത്തരവ് കത്തിച്ച അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ സംസ്ഥാന ജനറല് സെക്രട്ടറി എം സലാഹുദീന് പ്രധാനാധ്യാപകനായ സ്കൂളാണ് പോത്തന്കോട് യു.പി സ്കൂള്.
സ്വന്തം വിദ്യാര്ത്ഥികള് തന്നെ അധ്യാപകന് മാനവികതയുടെ പാഠം പറഞ്ഞുകൊടുക്കുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൂലി വേലക്കാരനും സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരും നാളെയെക്കുറിച്ച് ആശങ്ക പുലര്ത്തുമ്പോള് ജോലി സുരക്ഷിതത്വവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പുള്ളവരാണ് അധ്യാപകര്. ഇവിടുത്തെ സമൂഹം അവര്ക്ക് നല്കിയ സുരക്ഷിതത്വത്തിനോട് കടപ്പാട് ഉണ്ടാകേണ്ടതിന് പകരം സ്വന്തം താല്പ്പര്യങ്ങള് സംരക്ഷിക്കുക എന്ന നിലപാട് എടുക്കുന്നവരായി ചെറിയ വിഭാഗം അധ്യാപകര് മാറിയെന്നും മന്ത്രി കുറ്റപ്പെടുത്തി.






