
സ്കോര്‍പിയോയുടെ ബിഎസ്-6 എന്ജിന് മോഡല്‍ മഹീന്ദ്ര അവതരിപ്പിച്ചു. 11.98 ലക്ഷം രൂപ മുതല്‍ 15.52 ലക്ഷം രൂപ വരെയാണ് നാല് വേരിയന്റുകളിലായെത്തുന്ന ഈ എസ്യുവിയുടെ മുംബൈ എക്സ്ഷോറൂം വില. 5000 രൂപ അഡ്വാന്‍സ് തുക ഈടാക്കി സ്കോര്‍പിയോയുടെ ബുക്കിങ്ങ് കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചു.
എസ്5, എസ്7, എസ്9, എസ്11 എന്നിവയായിരിക്കും ഇനി സ്കോര്‍പിയോയുടെ വേരിയന്റുകള്‍. 2020 സ്കോര്‍പിയോയില്‍ 7,8,9 സീറ്റിങ്ങ് ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. പുതിയ സ്കോര്‍പിയോയില്‍ 4456 എംഎം നീളവും 1820 എംഎം വീതിയും 1995 എംഎം ഉയരവും 2680 എംഎം വീല്‍ബേസുമാണ് നല്‍കിയിട്ടുള്ളത്.
ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീല്‍, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റര്, ഇലക്ട്രിക് അഡ്സ്റ്റ് മിറര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് എന്നിവ ഇന്റീരിയറിൽ ഒരുങ്ങുന്നു. പുതിയ സ്കോര്‍പിയോക്കും ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ന്ന് 2.2 ലിറ്റര്‍ എംഹോക്ക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്ജിന് തന്നെയാണ് കരുത്തേകുന്നത്. ഈ എൻജിൻ 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകും. 2020 സ്കോര്‍പിയോയില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ്.
രൂപമാറ്റം വരുത്തിയ ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ക്രോം ഇന്‍സേര്‍ട്ടുകള്‍ നല്‍കിയുള്ള ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്‍ ഉള്‍പ്പെടെയുള്ള പ്രൊജക്ഷന് ഹെഡ്ലാമ്പ്, 17 ഇഞ്ച് അലോയി വീല്‍, ഇന്റിക്കേറ്റര്‍ നല്‍കിയിട്ടുള്ള റിയര്‍വ്യു മിറര്‍ എന്നിവയാണ് പുറംമോടിയിലെ സവിശേഷതകൾ.






