
വാഷിംഗ്ടണ്‍: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് യു.എസില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ രണ്ടു ലക്ഷത്തോളം വരുന്ന എച്ച്-1ബി വീസ തൊഴിലാളികളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ അവസാനത്തോടെ ഇവര്‍ക്ക് പദവി നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്ക് ഇത് വലിയ ഭീഷണിയാണ്.
രണ്ടര ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ പരിശ്രമിക്കുന്നത്. ഇവരില്‍ രണ്ടു ലക്ഷം പേര്‍ക്ക് എച്ച്-1ബി വീസയാണുള്ളത്. ഈ പദവി ജൂണ്‍ അവസാനത്തോടെ അവസാനിക്കുമെന്ന് ഇമിഗ്രേഷന്‍ പോളിസി അനലിസ്റ്റ് ജെറമി ന്യുഫെല്ഡ് പറയുന്നു.
വീസ പദവി നഷ്ടപ്പെടുന്നതോടെ ഇവര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകും. കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലായി ടെക്നോളജി സെക്ടറിലാണ് എച്ച്-1ബി വീസ അനുവദിച്ചിരുന്നത്.
അടച്ചിടലിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് അമേരിക്കയില്‍ ജോലി നഷ്ടമായത്. വീസകളില്‍ എത്തി ജോലി ചെയ്യുന്നവരുടെ സ്ഥിതിയാണ് കൂടുതല്‍ പരിതാപകരം. കാരണം അത്തരം ജോലികള്‍ ഓരോ പ്രദേശത്തിന് അനുസരിച്ചും തൊഴിലുടമയേയും അനുസരിച്ച് വ്യത്യസ്തമായിരിക്കും. അടിസ്ഥാന ശമ്പളം നല്‍കാമെന്ന് തൊഴിലുടമയാണ് ഉറപ്പ് നല്‍കുന്നത്. ശമ്പളം വെട്ടിക്കുറയ്ക്കും വീട്ടിലിരുന്നുള്ള ജോലിയും മിക്കപ്പോഴും വീസ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. 60 ദിവസത്തിനകം പുതിയ ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു വീസയിലേക്ക് മാറുകയോ സ്വദേശത്തേക്ക് മടങ്ങുകയോ ആണ് പോംവഴി. പ്രരതിസന്ധികളെല്ലാം തരണം ചെയ്ത് ജോലിയില്‍ തുടരുകയാണെങ്കില്‍ വീസ പുതുക്കല്‍ അടക്കമുള്ള വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






