
ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യാ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.
സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ സമ്മർദ്ദത്തെ തുടർന്നാണ് സാബു തോമസ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. 2024 ഡിസംബർ 20-ന് കട്ടപ്പന റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലായിരുന്നു സാബു തോമസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയുടെ ശസ്ത്രക്രിയയ്ക്കും കിടപ്പുരോഗിയായ അമ്മയുടെ ചികിത്സയ്ക്കുമായി നിക്ഷേപിച്ച തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ പിൻവലിക്കാൻ സൊസൈറ്റിയിലെത്തിയപ്പോൾ ഉദ്യോഗസ്ഥർ അപമാനിക്കുകയും ഒരു സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. ഇതിൽ മനംനൊന്താണ് സാബു ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ പലിശയുൾപ്പെടെ 14,59,940 രൂപ സൊസൈറ്റി സാബു തോമസിന്റെ കുടുംബത്തിന് തിരികെ നൽകി.
സംഭവത്തിൽ പ്രതികളായ ജീവനക്കാർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തെങ്കിലും, ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന നേതാവിനെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. ഇതേ തുടർന്നാണ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. ഇപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായിരിക്കുകയാണ്.






