
വിശാഖപട്ടണം: പോളിമര്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് എട്ടു വയസ്സുകാരി ഉള്‍പ്പെടെ മൂന്ന് മരണം. ഇരുന്നുറോളം പേര് വീടുകളില്‍ കുടുങ്ങി. നിരവധിപേര്‍ തെരുവുകളില്‍ ബോധരഹിതരായി വീണു. ഗുരുതരമായ സ്ഥിതിയില്‍ 20 ലധികം ഗ്രാമങ്ങളില്‍ നിന്നും ആള്‍ക്കാരെ ഒഴിപ്പിക്കുകയാണ്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ വിഷവാതക ചോര്‍ച്ച ഉണ്ടായതായിട്ടാണ് വിവരം. വാതകചോര്‍ച്ച 1000 ലധികം പേരെ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഏതുവാതകമാണ് ചോര്‍ന്നത് എന്ന് വ്യക്തമായിട്ടില്ല.
ഗോപാലപട്ടണത്തിന് സമീപം നോയ്ഡുതോട്ട ഏരിയയിലെ ആര്‍ആര്‍ വെങ്കിടപുരത്ത് പ്രവര്‍ത്തിക്കുന്ന പ്ളാസ്റ്റിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രീസിലെ പ്ളാന്റില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് രാസവാതകം ചോര്‍ന്നത്. വിഷവാതകചോര്‍ച്ച ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല എന്നാണ് വിവരം. 200 ലധികം പേരാണ് ആശുപത്രിയിലായിരിക്കുന്നത്. രാസവാതകം ശ്വസിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 20 ലധികം പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പലരും വഴിയില്‍ തന്നെ ബോധരിഹിതരായി വീഴുകയായിരുന്നു. രാവിലെ നടന്നു പോകുന്നതിനിടയില്‍ പലരും വഴിയില്‍ തന്നെ കുഴഞ്ഞുവണു പോകുകയായിരുന്നു. ഇവരെയെല്ലാം പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാടാക്കി ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ലോക്ഡൗണിന് ശേഷം 40 ദിവസം കഴിഞ്ഞ് ഇന്നാണ് കമ്പനി ആദ്യമായി തുറന്നത്. ജീവനക്കാരില്‍ പലരും ജോലിക്കായി രാവിലെ പോകാനിരിക്കുകയായിരുന്നു. പുലര്‍ച്ചെ ആയതിനാല്‍ പലരും വിഷവാതകചോര്‍ച്ച അറിഞ്ഞിട്ടില്ല.
അതുകൊണ്ടു തന്നെ വീടിനുള്ളില്‍ അനേകര്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവരോട് വീടിന് പുറത്തേക്ക് പോകാന്‍ അനൗണ്‍സ്മെന്റും പോലീസ് നടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. 20 ലധികം ഗ്രാമങ്ങളെ വാതകചോര്‍ച്ച ബാധിച്ചിട്ടുണ്ടായിരിക്കാമെന്നാണ് വിവരം. ഈ ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. പ്രദേശത്ത് രാവിലെ അന്തരീക്ഷം മൂടിയ നിലയില്‍ ആയിരുന്നു. പിന്നെയാണ് ആള്ക്കാര് കുഴഞ്ഞു വീഴാന്‍ തുടങ്ങിയത്. പുലര്‍ച്ചെയാണ് പലരും വിവരം അറിയുന്നത്.
പ്ളാന്റിന് അടുത്തുള്ള ആള്‍ക്കാരാണ് വിവരം ആദ്യം അറിഞ്ഞത്. ഇവര്‍ ഉടന്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടുകയും മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഇപ്പോള്‍ ഇവിടെ ഉള്ളവരോട് വീട് ഒഴിഞ്ഞ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പലരും കിലോ മീറ്റര്‍ നടന്നാണ് ഗ്രാമത്തിന് പുറത്തെത്തിയത്. കമ്പനിക്കുള്ളില്‍ എത്ര ജീവനക്കാര്‍ ഈ സമയത്ത് ഉണ്ടായിരുന്നു എന്ന വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ഗ്രാമവാസികള്‍ തന്നെയാണ് കമ്പനിയില്‍ ജോലി ചെയ്യുന്നതും.






