
കൊച്ചി : ഐപിഎൽ വാതുവയ്പ്പു വിവാദത്തിൽപ്പെട്ട് ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ മുൻപ് ദേശീയ ടീമിൽ ഒപ്പം കളിച്ച മിക്ക താരങ്ങളും ബോധപൂർവം തന്നെ അകറ്റിനിർത്തിയെന്ന് മലയാളി താരം ശ്രീശാന്ത്. അന്നും യാതൊരു പ്രശ്നവും കൂടാതെ ചേർത്തുപിടിച്ചത് വീരേന്ദർ സേവാഗും വി.വി.എസ്. ലക്ഷ്മണും ഉൾപ്പെടെയുള്ളവർ മാത്രമാണെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുമ്പോഴാണ് ശ്രീയുടെ വെളിപ്പെടുത്തൽ. 2013ൽ വാതുവയ്പു വിവാദത്തിൽ കുടുങ്ങിയതു മുതൽ ക്രിക്കറ്റിൽനിന്ന് വിലക്കപ്പെട്ട ശ്രീശാന്തിന്, വിലക്കു കാലാവധി പൂർത്തിയാക്കി ഈ വർഷം സെപ്റ്റംബർ മുതൽ കളത്തിലിറങ്ങാം.
‘ഇപ്പോള് ഞാൻ ഒട്ടേറെ താരങ്ങളോട് സംസാരിക്കാറുണ്ട്. അടുത്തിടെ ട്വിറ്റിൽ സച്ചിൻ പാജിയോടും (തെൻഡുൽക്കർ) സംസാരിച്ചിരുന്നു. വീരു പാജിക്കും (സേവാഗ്) സ്ഥിരമായി മെസേജ് അയയ്ക്കാറുണ്ട്. ഗൗതം ഗംഭീറിനെ അടുത്തിടെ നേരിട്ടു കണ്ടിരുന്നു’ – ശ്രീശാന്ത് വെളിപ്പെടുത്തി.
‘വിവാദത്തിൽപ്പെട്ട് കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് ഒട്ടുമിക്ക താരങ്ങളും പൊതുജന മധ്യത്തിൽ എന്നെ അകറ്റി നിർത്തുകയായിരുന്നു പതിവ്. ഞാനുമായി ബന്ധം നിലനിർത്തിയത് വീരു ഭായ് (സേവാഗ്), ലക്ഷ്മൺ ഭായ് എന്നിവരും വേറെ രണ്ടു മൂന്നു താരങ്ങളും മാത്രമാണ്. ഞാനുമായി ബന്ധപ്പെട്ട് കേസും കോടതി നടപടികളും നടക്കുന്ന സമയമായതുകൊണ്ട് അവരുടെ ആശങ്കയെന്താണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ഞാനും ഒന്നിനും പോയില്ല. എന്തായാലും കഴിഞ്ഞ ഏതാനും വർഷം കൊണ്ട് സ്ഥിതിഗതികൾ മെച്ചപ്പെട്ടു’ – ശ്രീശാന്ത് പറഞ്ഞു.
പ്രായം 37ൽ എത്തിയെങ്കിലും ഇനിയും ഇന്ത്യൻ ടീമിനായി കളിക്കാൻ ബാല്യമുണ്ടെന്നാണ് താൻ കരുതുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി. ‘ഇനിയും ഇന്ത്യൻ ടീമിനായി കളിക്കാൻ എനിക്കാകുമെന്നു തന്നെയാണ് പ്രതീക്ഷ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് എന്നെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. എന്തായാലും കളത്തിലേക്കു തിരിച്ചുവരുമ്പോഴുള്ള ആദ്യ ലക്ഷ്യം കേരള ടീമിൽ ഇടംപിടിക്കുക എന്നതാണ്. അവിടെ മികച്ച പ്രകടനം കാഴ്ചവച്ചാൽ എന്റെ സ്വപ്നം തീർച്ചയായും സഫലമാകും. എന്തായാലും സ്വപ്നം സ്വന്തമാക്കാൻ എന്തു വേണമെങ്കിലും ചെയ്യാൻ തയാറാണ്. ഒരു ദിവസം ഇന്ത്യൻ ജഴ്സിയണിയാമെന്നു തന്നെ കരുതുന്നു’ : ശ്രീശാന്ത് പറഞ്ഞു.






