
2020 ഓട്ടോ എക്സ്പോയില്‍ വിറ്റാര ബ്രെസ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ മാരുതി അവതരിപ്പിച്ചിരുന്നു. 7.34 ലക്ഷം രൂപ മുതല്‍ 11.40 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന്റെ വിപണിയിലെ എക്സ്ഷോറൂം വില. ബ്രെസയുടെ പുതിയ പതിപ്പിന് ഇതുവരെ 21,500 ബുക്കിങ്ങുകള്‍ ലഭിച്ചെന്ന് കമ്പനി അറിയിച്ചു. ബ്രെസ വിപണിയില്‍ എത്തിയിട്ട് നാല് വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ള . നിലവില്‍ ഇതുവരെ വാഹനത്തിന്റെ 500,000 യൂണിറ്റുകള്‍ വിപണിയില്‍ വിറ്റഴിച്ചെന്നാണ് റിപ്പോർട്ട്.
ഡീസല്‍ എഞ്ചിന് പകരം 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് പുതിയ ബ്രെസയ്ക്ക് കരുത്ത് നല്‍കുക. 105 bhp കരുത്തും 138 Nm ടോർക്കും ഈ എഞ്ചിന് സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സും പുതിയ പതിപ്പില്‍ ലഭ്യമാകും. ഓട്ടോമാറ്റിക് പതിപ്പിനൊപ്പം സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനവും ഉണ്ട്.
സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ടെക്നോളജിയും ടോര്‍ഖ് ബൂസ്റ്റ് സംവിധാനവും ഈ പതിപ്പില്‍ ലഭ്യമാകും. എര്‍ട്ടിഗ, സിയാസ്, XL6, ബലേനോ, എസ്-ക്രോസ് എന്നിവയിലും സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹ്യുണ്ടായി വെന്യു, ഫോര്‍ട് ഇക്കോസ്പോര്‍ട്, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300 എന്നിവരാണ് വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.






