
സംഗീത സംവിധായകന് എം.ജയചന്ദ്രനെക്കുറിച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍ സമൂഹ മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. ജയചന്ദ്രനെ പോലൊരു ഗുരുനാഥനെ കിട്ടിയതില്‍ താന്‍ വളരെയേറെ അനുഗ്രഹീതയാണെന്നും ഇപ്പോഴും അദ്ദേഹം പാടാന്‍ വിളിക്കുമ്പോള്‍ മനസില്‍ പേടി തോന്നാറുണ്ടെന്നും ഗായിക കുറിച്ചു.
ജയചന്ദ്രന്റെ ഈണത്തില്‍ പിറന്ന 'ഏനുണ്ടോടീ അമ്പിളിച്ചന്തം' എന്ന ഗാനമാണ് സിത്താരയെ പിന്നണിഗാനരംഗത്ത് ശ്രദ്ധേയയാക്കിയത്. ആ ഗാനം കരിയര്‍ തന്നെ മാറ്റിമറിച്ചുവെന്നും ഇന്നുള്ള സൗഭാഗ്യങ്ങളൊക്കെ ആ ഗാനത്തിലൂടെ ലഭിച്ചതാണെന്നും സിത്താര കുറിപ്പില്‍ പറഞ്ഞു വയ്ക്കുന്നു.
ജയചന്ദ്രനൊപ്പം റെക്കോര്‍ഡിങ് സ്റ്റുഡിയോയിലിരിക്കുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സിത്താരയുടെ പോസ്റ്റ്.
സിത്താരയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
'അദ്ദേഹം എന്നെ റെക്കോര്‍ഡിംഗിനു വിളിക്കുമ്പോള്‍ തന്നെ എന്റെ കൈകള്‍ വിയര്‍ക്കാന്‍ തുടങ്ങും. തൊണ്ട വരണ്ടു പോകും. ഒരു സംഗീത വിദ്യാര്‍ഥിയെപ്പോലെ ഞാന്‍ ശ്രദ്ധിച്ചിരിക്കും. അതെന്തുകൊണ്ടാണെന്ന് എപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. അദ്ദേഹമെന്നെ മോളേ എന്നാണ് വിളിക്കാറുള്ളത്. ഇതുവരെ എന്നെ വഴക്കു പറഞ്ഞിട്ടേയില്ല. അദ്ദേഹത്തെ ഞാന്‍ ഗുരുതുല്യനായി കാണുന്നു. അതിനാല്‍ തന്നെ ഞാനത്ര ശ്രദ്ധാലുവാകുന്നു. 'ഏനുണ്ടോടി' എന്ന പാട്ട് ഞാന്‍ പാടിയില്ലായിരുന്നെങ്കില്‍ ഇന്നത്തെ സൗഭാഗ്യങ്ങളൊന്നും എന്നെ തേടി വരില്ലായിരുന്നു. ജീവിതം തന്നെ വ്യത്യസ്തമാകുമായിരുന്നു.
എന്റെ പാട്ടിനെക്കുറിച്ച് അദ്ദേഹം പറയുന്ന ഓരോ ചെറിയ പോസിറ്റിവ് കമന്റ് പോലും എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം എന്നോടു പറഞ്ഞു, 'ഇനിയെത്ര വലുതായാലും നീയെനിക്കാ കൊച്ചുകുട്ടി തന്നെയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ കണ്ടുമുട്ടിയ ആ കൊച്ചുകുട്ടി.' അദ്ദേഹത്തെ പോലൊരു ഗുരുവിനെ കിട്ടിയതില്‍ ഞാന്‍ അനുഗ്രഹീതയാണ്. ഡിയര്‍ സര്.... ഒരിത്തിരി പേടിയുണ്ടെന്നുള്ളത് സത്യമാണ്, പക്ഷേ ഒത്തിരി ഇഷ്ടമാണ്...'






