പുല്‍പ്പള്ളി: മൂന്നുവശവും വനം. ഒരുഭാഗത്ത് കബനിനദി. നദിക്ക് അക്കരെ കര്‍ണാടക. ഇത് വെട്ടത്തൂര്‍ എന്ന ഗ്രാമം. കേരളത്തിന്റെ അതിര്‍ത്തിഗ്രാമം. കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമമായ ബാവലിയില്‍ നിന്നും 15 മിനുട്ട് നടന്ന് കബനി കടന്നാല്‍ വെട്ടത്തൂരിലെത്താം.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്ക് കാര്യമായി വിലയില്ല. നിയമപാലകരോ ഇവിടേക്ക് എത്താറില്ല. നിബിഡവനത്തിനുളളില് ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമമാണിത്. ഗ്രാമത്തിലെ ആകെ ജനസംഖ്യയില്‍ 99-ശതമാനവും ആദിവാസികള്‍. പിന്നീടുളളത് കൃഷ്ണന്ചെട്ടിയും കുടുംബവുമാണ്. വനത്തിനുളളില്‍ ഒറ്റപ്പെട്ട് കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്നതിനാലും, നിയമപാലകരുടെ ശ്രദ്ധ പതിയാത്തതിനാലും ഇരു സംസ്ഥാനങ്ങളിലെയും സാമൂഹ്യവിരുദ്ധര്‍ ഇവിടെ ഒത്തുചേരുന്നു.
കര്‍ണാടകയില്‍നിന്നും കേരളത്തിലേക്കും തിരിച്ച് കര്‍ണാടകയിലേക്കും വെട്ടത്തൂര്‍ വഴി എന്തും എപ്പോഴും കടത്താം. മഴക്കാലത്ത് മാത്രമാണ് ബാവലിയേയും വെട്ടത്തൂരിനേയും വേര്‍തിരിക്കുന്ന കബനി വഴി കരകവിഞ്ഞ് ഇരു പ്രദേശങ്ങളും ഒറ്റപ്പെടുക. മുമ്പ് സ്പിരിറ്റു കടത്തുകാരുടെ ഇഷ്ടസഞ്ചാരപഥമായിരുന്നു വെട്ടത്തൂര്‍, ഒപ്പം ഇടത്താവളവും. അടുത്തകാലത്തായി മയക്കുമരുന്ന് ,കഞ്ചാവ് എന്നിവയാണ് ഇതുവഴി വ്യാപകമായി കടത്തുന്നത്. കര്‍ണാടകയില്‍ മദ്യഷാപ്പുകള്‍ തുറന്നതോടെ വയനാട്ടിലേക്ക് മദ്യം കടത്തുന്ന പ്രധാനമാര്‍ഗമായി ഈ ഗ്രാമം.
വെട്ടത്തൂരില്‍ ആദിവാസികള്‍ക്കായി കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ കുറച്ച് വീടുകള്‍ നിര്‍മ്മിച്ചിരുന്നു.നിര്‍മ്മാണത്തിലെ പിഴവുകൊണ്ട് ആരും ഇവയില്‍ താമസിച്ചില്ല. ആളൊഴിഞ്ഞ ഈ വീടുകള്‍ സാമൂഹിക വിരുദ്ധര്‍ താവളമാക്കുകയാണ്. കര്‍ണാടകയില്‍നിന്നും കടത്തിക്കൊണ്ടു വരുന്ന നിയമവിരുദ്ധമായ സാധനങ്ങള്‍ ഈ ഒറ്റപ്പെട്ട വീടുകളിലാണ് സൂക്ഷിക്കുന്നത്. വെട്ടത്തൂരില്നിന്നും പുറംലോകത്തെത്തണമെങ്കില്‍ കൊടും വനത്തിലൂടെ രണ്ട് കിലോമീറ്റര്‍ നടന്നാല്‍ മതി. ഇവിടെ നിന്ന് പുല്‍പ്പളളി പഞ്ചായത്തിലെ ചേകാടിക്കും മുളളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരിനും എത്തണമെങ്കില്‍ ഒരേദൂരമാണ്. രാപകലന്യേ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ നിബിഡവനത്തിലൂടെ പകല്‍പോലും ആരും ഒറ്റയ്ക്ക് നടക്കുവാന്‍ ധൈര്യപ്പെടുകയില്ല.
പകല്‍ സമയങ്ങളില്‍ വെട്ടത്തൂരിലെ വീടുകളില്‍ പുരുഷന്മാര് ഉണ്ടാവാറില്ല. ഗ്രാമത്തില്‍ കൃഷിക്ക് ഉപയോഗിക്കാവുന്ന സ്ഥലങ്ങളുണ്ടെങ്കിലും ഒരൊറ്റ സ്ഥലത്തും കൃഷിയില്ല. ഗ്രാമത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രധാനതൊഴില്‍ വനവിഭവങ്ങളുടെ ശേഖരണവും മീന്‍ പിടുത്തവുമാണ്.കഴിഞ്ഞ വര്‍ഷത്തെ വെളളപ്പൊക്കത്തിലാണ് കബനിയുടെ തീരത്തുളള വെട്ടത്തൂര്‍ ഗ്രാമത്തില്‍ ആദ്യമായി വെളളം കയറിയത്. ഒരാഴ്ച കോളനിക്കാര്‍ പെരിക്കല്ലൂര്‍ ഗവ.സ്ക്കൂളിലേക്ക് താമസം മാറ്റി.
കൊടുംവനത്തിലൂടെ യാത്രചെയ്യേണ്ടതിനാല് കോളനിയിലെ കുട്ടികളാരും സ്ക്കൂളിലും പോകുന്നില്ല. എന്നാല്‍ അധ്യയനവര്‍ഷം തുടങ്ങുമ്പോള്‍ ചില സ്ക്കൂളിലെ അധ്യാപകരെത്തി കുട്ടികളെ വാഹനങ്ങളില്‍ സ്ക്കൂളുകളില്‍ കൊണ്ടു പോകും.തലയെണ്ണല്‍ കഴിയുന്നതോടെ അവരെ ഉപേക്ഷിക്കും. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കോളനിയില്‍നിന്നും ഇതുപോലെ അധ്യയന വര്‍ഷാരംഭത്തില്‍ കൊണ്ടുപോയ ഒരു കുട്ടി രണ്ടു മാസം കഴിഞ്ഞപ്പോള്‍ മരണപ്പെട്ടിരുന്നു. തലയെണ്ണല്‍ സമയം കഴിഞ്ഞിരുന്നതിനാല്‍ സ്ക്കൂള് അധികൃതരും ഇക്കാര്യം ശ്രദ്ധിച്ചില്ല. മരണപ്പെട്ടിട്ടും സ്ക്കൂള് രജിസ്റ്ററില്‍ കുട്ടി ജീവിച്ചു. മാത്രമല്ല കുട്ടി അടുത്ത ക്ലാസിലേക്ക് ജയിക്കുകയും ചെയ്തു. അടുത്ത അധ്യയന വര്‍ഷാരംഭത്തില്‍ സ്ക്കൂള് രജിസ്റ്റര്‍ പ്രകാരമുളള കുട്ടികളെ വലവീശാന്‍ അധ്യാപകരെത്തിയപ്പോഴാണ് തങ്ങള്‍ ഹാജര്‍ നല്കി വിജയിപ്പിച്ച കുട്ടി മരിച്ചിട്ട് ഒരു വര്‍ഷം തികയാറായെന്നറിയുന്നത്.
പുല്‍പ്പളളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ഈ ഗ്രാമമെന്നാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്.പഞ്ചായത്തിലെ മറ്റ് ഗ്രാമങ്ങളിലുളള യാതൊരു വിധ വികസനപ്രവര്‍ത്തനങ്ങളും ഇവിടെ ഇതുവരെ നടന്നിട്ടില്ല. കബനിയിലെ മീനും വനത്തിലെ കാട്ടുകിഴങ്ങുകളും തേനുമുളളിടത്തോളം കാലം വെട്ടത്തൂരില്‍ പട്ടിണി മരണങ്ങളുണ്ടാവുകയില്ല.
-ബാബു വടക്കേടത്ത്






