
കോവിഡ് ഭീതിയ്ക്കിടയിലും ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് പ്രധാന കാര്യം. രോഗങ്ങളെ തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിയ്ക്കേണ്ടത് ആവശ്യമാണ്. അതോടൊപ്പം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക ജ്യൂസും കുടിയ്ക്കാം.
നെല്ലിക്ക, ഇഞ്ചി, മല്ലിയില ജ്യൂസ് - അഞ്ചോ ആറോ നെല്ലിക്ക, ഇഞ്ചി അരിഞ്ഞത് 1 ടേബിള്‍ സ്പൂണ്‍, നാലോ അഞ്ചോ മല്ലിയില അല്ലെങ്കില്‍ പുതിനയില ഇവ കഴുകി വൃത്തിയാക്കിയ ശേഷം മിക്സിയില്‍ അരയ്ക്കുക. ഇത് അരിച്ചെടുത്ത ശേഷം തേനോ ബ്ലാക്ക് സോള്‍ട്ടോ ചേര്‍ക്കാം. ഒപ്പം ചാറ്റ് മസാല അല്ലെങ്കില്‍ ജീരകം, മല്ലി, ചുവന്ന മുളക് ഇവ വറുത്ത് പൊടിച്ചതും ചേര്‍ക്കാം.
മല്ലിയില - നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള മല്ലിയിലയില്‍ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന എസന്‍ഷ്യല്‍ ഓയിലുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ബാക്ടീരിയകളെ പ്രതിരോധിക്കാനുമുള്ള കഴിവും മല്ലിയിലയ്ക്കുണ്ട്.
നെല്ലിക്ക - ജലദോഷം, പനി മുതലായവയെ പ്രതിരോധിക്കാന്‍ ഫലപ്രദമാണ് നെല്ലിക്ക. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക ശ്വേതരക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് നിരവധി രോഗങ്ങളെയും അണുബാധകളെയും പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. ഇരുമ്പ്, കാല്‍സ്യം തുടങ്ങി നിരവധി ധാതുക്കളും നെല്ലിക്കയില്‍ ഉണ്ട്.
ഇഞ്ചി - ഇഞ്ചിയില്‍ ജിഞ്ചെറോള്‍ എന്ന സംയുക്തം ഉണ്ട്. ഇതിന് നിരവധി ഔഷധഗുണങ്ങള്‍ ഉണ്ട്. ജിഞ്ചെറോളിന് ആന്റിബാക്ടീരിയല്‍, അനാള്‍ജെസിക്, ആന്റി പൈററ്റിക് ഗുണങ്ങള്‍ ഉണ്ട്. ജലദോഷം, തൊണ്ടവേദന മുതലായവ സുഖമാക്കാന്‍ ഇഞ്ചിയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ സഹായിക്കും. രക്തസമ്മര്‍ദവും കൊളസ്ട്രോളും നിയന്ത്രിക്കാനും ഇഞ്ചിക്കു കഴിവുണ്ട്.
പുതിനയില - ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള പുതിനയില്‍ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ചുമ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ പുതിനയിലയ്ക്ക് കഴിവുണ്ട്. ഇതിന്റെ ഗന്ധം തലവേദന ഇല്ലാതാക്കാനും സഹായിക്കും






