
കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ഏറ്റെടുത്ത് സംസ്ക്കരിച്ചതിന് തൊട്ടു പിന്നാലെ അസുഖം ഭേദമായി വാര്‍ഡിലേക്ക് മാറ്റിയെന്ന് വ്യക്തമാക്കി ആശുപത്രിയില്‍ നിന്നും വീണ്ടും വിളി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നായ ഗുജറാത്തില്‍ നിന്നുമാണ് ഈ വിചിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ബാധിച്ച് 71 കാരനായ രോഗിയെയാണ് മരിച്ചെന്ന് പറഞ്ഞ് ഗുജറാത്ത് കാന്‍സര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ജിസിആര്‍ഐ )വീട്ടുകാരെ വിളിച്ചുപറഞ്ഞത്.
മൂന്ന് പെണ്മക്കളുള്ള വിരാട് നഗര്‍ സ്വദേശിയായ ദേവ്റാം ഭായി ഗമഹാന് ഗുറാവു ഭിസികാര് എന്നയാളെയാണ് മെയ് 29 ന് ജിസിആര്‍ഐ മരിച്ചതായി പ്രഖ്യാപിച്ചത്. കോവിഡ് രോഗികളെ സംസ്ക്കരിക്കാനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് മൃതദേഹം ഏറ്റെടുത്ത വീട്ടുകാര്‍ അസര്‍വയിലെ ആശുപത്രി വളപ്പില്‍ തന്നെ സംസ്ക്കരിക്കുകയും ചെയ്തു. എന്നാല്‍ എല്ലാം കഴിഞ്ഞ വീട്ടിലെത്തി ഉറങ്ങുമ്പോള്‍ മണിക്കൂറുകള്‍ക്കകം ഇതേ ആശുപത്രിയില്‍ നിന്നു തന്നെ രോഗം ഭേദമായെന്ന് പറഞ്ഞ് മറ്റൊരു കോള്‍ വരികയും ചെയ്തതോടെ ആകെ കണഫ്യൂഷനായി.
കോവിഡ് സംശയം എന്ന പേരില്‍ റിപ്പോര്‍ട്ട് പെന്‍ഡിംഗില്‍ വെച്ചിരുന്ന രോഗിയായിരുന്നു ദേവ് റാം. തലേന്ന് ഉച്ചയ്ക്ക് പ്രമേഹം കൂടിയ നിലയിലായിരുന്നു. നെഞ്ചിന്റെ എക്സ്റേയും മറ്റുമെടുത്ത ശേഷം കോവിഡ് വാര്‍ഡിലേക്ക് മാറ്റി. വൈകുന്നേരത്തോടെ ജിസിആര്‍ഐ യിലേക്കും പ്രവേശിപ്പിച്ചു. മരണം അറിയിച്ചതോടെ വീട്ടുകാരെല്ലാം ഓടിയെത്തി. കോവിഡ് മരണമായിരുന്നതിനാല്‍ പ്രോട്ടോകോള്‍ പ്രകാരം പായ്ക്ക് ചെയ്യപ്പെട്ട മൃതദേഹമാണ് കിട്ടിയത്. മുഖം പോലും കാണാന്‍ കഴിയാത്ത വിധത്തിലായിരുന്നു മൃതദേഹം. രോഗിയെ അഡ്മിറ്റ് ചെയ്തപ്പോഴത്തെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമെല്ലാം ഉള്‍പ്പെട്ട ബാഗും നല്കി.
എല്ലാവരും ചേര്‍ന്ന് മെയ് 29 ന് രാത്രിയില്‍ മൃതദേഹം സംസ്ക്കരിച്ചു. എല്ലാം കഴിഞ്ഞ വീട്ടുകാര്‍ മടങ്ങിയെത്തിയത് രാത്രി 11 മണിയോടെയായിരുന്നു. എന്നാല്‍ ഉറങ്ങാന്‍ കിടന്ന് മണിക്കൂറുകള്‍ക്കകം പുലര്‍ച്ചെ 1.30 യോടെ വീണ്ടും ആശുപത്രിയില്‍ നിന്നും വിളിയെത്തി. എന്നാല്‍ ആദ്യം ഇത് വീട്ടുകാര്‍ അറ്റന്റ് ചെയ്തില്ല. ഇതോടെ രാവിലെ വീണ്ടും വിളിയെത്തി. ദേവ് റാം ഭായിയുടെ സാമ്പിള്‍ പരിശോധന ഫലം വന്നെന്നും നെഗറ്റീവ് ആണെന്നുമായിരുന്നു വിവരം. ദേവ് റാമിനെ കോവിഡ് രോഗികളുടെ വാര്‍ഡില്‍ നിന്നും അല്ലാത്തവരുടെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു. വീട്ടുകാര്‍ വീണ്ടും ആശുപത്രിയില്‍ ഓടിയെത്തി. വിവരം അന്വേഷിച്ചപ്പോള്‍ കോള്‍ സെന്ററിന് പിശക് പറ്റി എന്നായിരുന്നു അധികൃതരുടെ വാദം.






