
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനെതിരെ നടത്തിയ വംശീയ പരാമർശത്തിൽ മുൻ താരം യുവരാജ് സിങ് വിവാദക്കുരുക്കിൽ. ഏതാനും ദിവസങ്ങൾക്കു മുൻപ് രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചെഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്. നിർദ്ദോഷമായി പറഞ്ഞ തമാശയാണെങ്കിലും പരിഹാസത്തിന് യുവരാജ് തിരഞ്ഞെടുത്ത വാക്കാണ് ഒരു വിഭാഗം ആരാധകരെ കുപിതരാക്കിയത്.
ഇതോടെ, യുവരാജ് മാപ്പു പറയണം എന്നാവശ്യപ്പെടുന്ന ഹിന്ദി ഹാഷ്ടാഗ് (#युवराज_सिंह_माफी_मांगो) സമൂഹമാധ്യമങ്ങളിൽ വ്യാപകമായി. അർബുദത്തെപ്പോലും തോൽപ്പിച്ച യുവരാജിന് ജാതീയചിന്തകളെ തോൽപ്പിക്കാൻ ഇനിയുമായിട്ടില്ലെന്നാണ് വിമർശനം.
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ഡൗണിലായതിനു പിന്നാലെ ടിക്ടോക്കിൽ വിഡിയോകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു യുസ്വേന്ദ്ര ചെഹൽ. കുടുംബാംഗങ്ങളെപ്പോലും പങ്കെടുപ്പിച്ചാണ് ചെഹൽ ടിക്ടോക്കിൽ വിഡിയോ ചെയ്തിരുന്നത്. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഇക്കാര്യം ചർച്ചയായപ്പോഴാണ് ചെഹലിനെ കളിയാക്കാൻ യുവരാജ് വിവാദ പരാമർശം നടത്തിയത്. സംസാരത്തിന്റെ ഒഴുക്കിൽ യുവരാജുപോലും അറിയാതെയാണ് വിവാദ പരാമർശം ഉണ്ടായതെങ്കിലും ആരാധകർ ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയായിരുന്നു.
ക്രിക്കറ്റ് താരമെന്ന നിലയിൽ യുവരാജിനോട് ബഹുമാനവും ആദരവുമുണ്ടെങ്കിലും ചെഹലിനെതിരെ ഉപയോഗിച്ച വാക്ക് അംഗീകരിക്കാനാകില്ലെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ച ആരാധകരെല്ലാം ചൂണ്ടിക്കാട്ടി. യുവരാജിനെ ടാഗ് ചെയ്ത് ഇതിനകം ആയിരക്കണക്കിനു പേരാണ് താരം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. യുവരാജ് ഇതുവരെ വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.
കോവിഡ് വ്യാപനത്തിനിടെ തുടർച്ചയായ രണ്ടാം തവണയാണ് യുവരാജ് വിവാദത്തിൽ ചാടുന്നത്. നേരത്തെ, പാക്കിസ്ഥാൻ താരം ഷാഹിത് അഫ്രീദി നടത്തുന്ന ജീവകാരുണ്യ പ്രവർത്തികൾക്ക് സഹായം അഭ്യർഥിച്ചാണ് യുവരാജ് പുലിവാലു പിടിച്ചത്. കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ പ്രഖ്യാപിത നിലപാടുള്ളയാളാണ് അഫ്രീദിയെന്നായിരുന്നു വിമർശനം. ഇതിനു പിന്നാലെ കശ്മീർ വിഷയത്തിൽ ഒരിക്കൽക്കൂടി വിവാദ പരാമർശം നടത്തിയ അഫ്രീദിയെ യുവരാജ് തള്ളിപ്പറഞ്ഞിരുന്നു.




