
ആഡംബര ഇരുചക്ര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ക്രൂയിസര്‍ മോഡലായ ആര്18-നും ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തിക്കാൻ തീരുമാനിച്ചു. വരാനിരിക്കുന്ന ഉത്സവ സീസണിലായിരിക്കും അവതരിപ്പിക്കുകയെന്നാണ് വിവരം. അടുത്തിടെയാണ് അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയിലേക്ക് ബിഎംഡബ്ല്യു എഫ് 900ആര്, എഫ് 900എക്സ്ആര്‍ ബൈക്കുകള്‍ ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിച്ചത്.
ബ്ലാക്ക് നിറത്തില്‍ വൈറ്റ് സ്ട്രിപ്പുകള്‍ നല്‍കിയുള്ള പെയിന്റ് സ്കീമാണ് ഇതിൽ. സിംഗിള്‍ സീറ്റും ഷാര്‍പ്പ് ടാങ്കും ഈ ബൈക്കിന് ആകർഷകമാക്കുന്നു. ഈ വാഹനം ബിഎംഡബ്ല്യു കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കണ്സോര്സോ ഡി എലഗന്‍സ കണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും. റിപ്പോർട്ട് പ്രകാരം ബിഎംഡബ്ല്യുവിന്റെ ഐതിഹാസിക ബൈക്കായ 1936 ആര്5-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് ഇത് എത്തുക.
1802 സിസി ട്വിന്‍ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ് ബോക്സര്‍ എന്‍ജിനാണ് ആര്18 ക്രൂയിസറിന് കരുത്തേകുന്നത്. ഇലക്ട്രോണിക് എന്ജിന് മാനേജ്മെന്റ്, ഇലക്ട്രോണിക് ഇന്‍ടേക്ക് പൈപ്പ് ഫ്യുവല്‍ ഇഞ്ചക്ഷന് സിസ്റ്റം, ട്വിന്‍ സ്പാര്‍ക്ക് ഇഗ്നീഷന്‍ സംവിധാനം ഉള്ള എൻജിനാണ് ഇത്. ഇത് 90 ബിഎച്ച്പി പവറും 158 എന്‍എം ടോര്‍ക്കുമേകും. ഈ ബൈക്ക് 17.85 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്നാണ് സൂചന. ആറ് സ്പീഡ് ട്രാന്‍സ്മിഷനുണ്ട്.






