
ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട തങ്ങളുടെ ആഡംബര വാൻ വെൽഫെയറിനെ ഈ വർഷം ഫെബ്രുവരി 26-നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വെൽഫയറിന് 79.5 ലക്ഷം ആണ് എക്സ്ഷോറൂം വില. റിപ്പോർട്ട് അനുസരിച്ച് വിപണിയിലെത്തി 5 മാസം തികയുമ്പോഴേക്കും വെൽഫയറിൻ്റെ വിലകൂട്ടാൻ ഒരുങ്ങുകയാണ് ടൊയോട്ട കിർലോസ്കർ മോട്ടോർ. എക്സിക്യൂട്ടീവ് ലോഞ്ച് എന്ന ഒരൊറ്റ വേരിയന്റിൽ ആണ് വാഹനം എത്തിയത്.
അടുത്ത മാസം ഒന്നാം തിയതി മുതലാണ് പുതുക്കിയ വില നിലവിൽ വരുക. എത്രയാണ് വെൽഫയറിൻ്റെ പുത്തൻ വില എന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടില്ല. കറൻസി എക്സ്ചേഞ്ച് റേറ്റിലുണ്ടായ വ്യതിയാനമാണ് വില കൂട്ടാൻ കാരണമെന്ന് ടൊയോട്ട വ്യക്തമാക്കുന്നു. 2 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, വെൽഫയറിനൊപ്പം അടുത്തിടെ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ചു വില്പനക്കെത്തിയ കാംറി ഹൈബ്രിഡിന്റെ വിലയും ടൊയോട്ട വർദ്ധിപ്പിക്കുമെന്നാണ് സൂചന.
വെൽഫയർ എന്ന എംപിവി 4,935 എംഎം നീളവും 1,850 എംഎം വീതിയും 1,935 എംഎം ഉയരവുമുണ്ട്. ക്രോമിന്റെ ധാരാളിത്തമുള്ള വലിപ്പമേറിയ ഗ്രിൽ, 17-ഇഞ്ച് അലോയ് വീലുകൾ, രണ്ടായി ഭാഗിച്ച എൽഇഡി ഹെഡ്ലാംപുകൾ ക്ലസ്റ്റർ, ഡേടൈം റണ്ണിങ് ലാമ്പുകൾ, ക്രോം ലൈനുകളോട് കൂടിയ ബമ്പർ, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, എന്നിവയാണ് എക്സ്റ്റീരിയറിൽ വെൽഫയറിന്റെ പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്നത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, 7 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്റർ എന്നിവയാണ് വെൽഫയറിലെ സുരക്ഷാ സംവിധാനങ്ങൾ.






