
കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ചെക്ക് വാഹനനിര്‍മാതാക്കളായ സ്കോഡ പ്രദര്‍ശിപ്പിച്ച കോംപാക്ട് എസ്യുവി കണ്‍സെപ്റ്റാണ് വിഷന്‍-ഇന്‍. ഈ വാഹനത്തിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നു. 2021-ന്റെ ആദ്യ പാദത്തില്‍ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്‍സെപ്റ്റ് മോഡലില്‍നിന്ന് കാര്യമായ മാറ്റം വരുത്താതെയാണ് പ്രൊഡക്ഷന്‍ റെഡി കണ്‍സെപ്റ്റ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നതെന്നാണ് സൂചന.
ഇന്ത്യയില്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്സ്, റെനോ ഡസ്റ്റര്‍ എന്നീ വാഹനങ്ങളുമായി മത്സരിക്കാനാണ് ഈ വാഹനമെത്തുക.ഇതിന്റെ വില പത്ത് ലക്ഷം രൂപയിലായിരിക്കും ആരംഭിക്കുക. ഈ വാഹനത്തിന് ക്ലിക്ക് എന്ന പേരിനായി പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. സ്കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി ഇന്ത്യയിലെത്തിക്കുന്ന വാഹനമാണ് ഇത്.
148 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുകയെന്നാണ് സൂചന. സ്കോഡ കാമികില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് വിഷന്‍ ഇന്നിനുള്ളത്. ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്ലാമ്പ്, ഇതിന് തൊട്ടുതാഴെയായി ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്കോഡ സിഗ്നേച്ചര്‍ ഗ്രില്ല്, സ്കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തുള്ളത്. ത്രീ സ്പോക്ക് സ്റ്റീയറിങ് വീല്‍, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് ഇന്റീരിയറിന് ലഭിക്കുക.






