
കല്ലുംതാഴം കൊച്ചുകുളം കാവേരി നഗര്‍ 27 എന്ന വാടകവീട്ടില്‍ കോയിക്കല്‍ ഗവ.എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബ്ലെസി വരച്ച നിരവധി ചിത്രങ്ങളുണ്ട്. കൊച്ചു കുട്ടിയായിരുന്നപ്പോള്‍ മുതല്‍ തന്നെ ബ്ലെസി വരയ്ക്കാന്‍ തുടങ്ങി. അവന്റെ ചിത്രങ്ങളിലെല്ലാം അവന്റെ അമ്മ മഞ്ജു ജോര്‍ജ് നിറഞ്ഞു നില്ക്കുന്നു. എന്നാല്‍ അവന് വരച്ച തന്റെ അമ്മയുടെ മുഖത്ത് എപ്പോഴും വിഷാദമാണ്.
വില്‍ചെയറില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന മഞ്ജുവിന്റെ അവസ്ഥയ്ക്ക് കാരണം കുഞ്ഞു ബ്ലെസിയുടെ ജനനം തന്നെയായിരുന്നു. 2008 ഓഗസ്റ്റില്‍ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ വെച്ചായിരുന്നു ബ്ലെസിയുടെ ജനനം. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് മഞ്ജു എഴുന്നേറ്റില്ല ഒരു വാക്കു പോലും സംസാരിച്ചില്ല. ആശുപത്രി അധികൃതരുടെ പിഴവായിരുന്നു മഞ്ജുവിന്റെ ജീവിതം ദുരിതത്തിലാക്കിയത്. ബ്ലസിയുടെ പിതാവ് പ്രിന്‍സ് തന്റെ ഭാര്യ മഞ്ജുവിനെയും കൊണ്ട് പിന്നീട് ചികിത്സകള്‍ക്കായി നടന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ അനസ്തീസിയ കൊടുത്തതിലെ പിഴവാണു മഞ്ജുവിനെ എന്നന്നേക്കുമായി കിടപ്പിലാക്കിയതെന്ന് കണ്ടെത്തി. വര്‍ഷങ്ങളോളം നീണ്ട ചികിത്സ നടത്തിയതോടെ വീല്‍ച്ചെയറില്‍ ഒതുങ്ങി മഞ്ജുവിന്റെ ജീവിതം. ഭാര്യയുടെ ഈ അവസ്ഥയുണ്ടായതിന് നീതിയ്ക്കായി കോടതി കയറാനുള്ള സാമ്പത്തികം പ്രിന്‍സിന് ഇല്ലായിരുന്നു. മഞ്ജുവിന്റെ ചികിത്സയ്ക്കായി സമ്പാദ്യമെല്ലാം ചിലഴിച്ചു. അന്നു മന്ത്രിയായിരുന്ന പി.കെ.ഗുരുദാസന്റെ ഇടപെടലില്‍ മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ നിന്നു ലഭിച്ച 10,000 രൂപയാണ് ആകെ സര്‍ക്കാരില്‍ നിന്നു ലഭിച്ച സാമ്പത്തിക സഹായം.
ഇപ്പോഴും മഞ്ജുവിന്റെ ചികിത്സയ്ക്കായി ദിവസവും 500 രൂപ വേണം. അമ്മയുടെ ഈ അവസ്ഥയിലും തളരാതെ തന്റെ കഴിവുമായി മുന്നോട്ട് പോകുകയാണ് ബ്ലെസി. മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്ന ബ്ലെസിയുടെ ചിത്രങ്ങളില്‍ അദ്ദേഹവും പ്രകൃതിദൃശ്യങ്ങളും ധാരാളമുണ്ട്. ഈ കുടുംബത്തിന് സഹായം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രിന്‍സിനെ വിളിക്കാം. ഫോണ്‍ നമ്പര്‍: 9847360062.






