
ഒരു കാലത്ത് നോക്കിയയുടെ ജനപ്രിയമായ ഫോണുകളിലൊന്നായിരുന്നു നോക്കിയ 5310 എക്സ്പ്രസ് മ്യൂസിക്. എന്നാൽ, ഇപ്പോളിതാ എച്ച്എംഡി ഗ്ലോബല്‍ ഈ ഫോണ്‍ വീണ്ടും അവതരിപ്പിക്കുകയാണ്. ഫോണ്‍ പുറത്തിറക്കുന്ന തീയ്യതി വ്യക്തമാക്കിക്കൊണ്ട് കമ്പനി ടീസര്‍ പുറത്തുവിട്ടു. ഈ ഫോണിന്റെ ഒരു ടീസര്‍ ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനി പുറത്തുവിട്ടിരുന്നു. നോക്കിയ 5310 ജൂണ്‍ 16ന് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.
ഐക്കോണിക് മ്യൂസിക് ഫോണ്‍ തിരികെ കൊണ്ടുവരികയാണ്, അതിന് അഞ്ച് ദിവസം കൂടി കാത്തിരിക്കുക എന്ന് അറിയിച്ചുകൊണ്ടുള്ള ട്വീറ്റാണ് നോക്കിയ ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്. കറുപ്പും ചുവപ്പും ചേര്‍ന്നതും, വെള്ളയും ചുവപ്പും ചേര്‍ന്നതുമായ സമ്മിശ്ര നിറങ്ങളുള്ള രണ്ട് തരം ഫോണുകളാണ് വിപണിയിലെത്തുക.
പുതിയ ഫോണും പഴയ എക്സ്പ്രസ് മ്യൂസിക് ഫോണിനെ പോലെ ഒരു വശത്ത് മ്യൂസിക് പ്ലേ ബാക്ക് ബട്ടനുകളുമായാണ് എത്തിയിരിക്കുന്നത്. ഫോണിന് മുന്നില്‍ മുകളിലും താഴെയുമായി രണ്ട് സ്പീക്കറുകളുണ്ട്. 1,200 എംഎഎച്ച് റിമൂവബിള്‍ ബാറ്ററിയില്‍ 30 ദിവസം സ്റ്റാന്‍ഡ് ബൈ ചാര്‍ജ് ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.
2.4 ഇഞ്ച് ക്യുവിജിഎ കളര്‍ ഡിസ്പ്ലേ, ഫിസിക്കല്‍ കീബോര്‍ഡ്, എന്നിവയാണ് നോക്കിയ 5310-യ്ക്ക് ലഭിക്കുന്നത്. എട്ട് എംബി റാം ഉണ്ട്. 16 എംബി സ്റ്റോറേജ് ഉള്ള ഫോണില്‍ 32 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. മീഡിയാ ടെക്കിന്റെ എംടി 6260എ പ്രൊസസര്‍ ആണ് നോക്കിയ സീരീസ് 30 പ്ലസ് സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഉള്ളത്.






