
ന്യുഡല്‍ഹി: ഇന്ത്യ ചൈനയുമായി പങ്കിടുന്ന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കരസേന മേധാവി ജനറല്‍ എം.എം നരവനെ. ഇരുപക്ഷത്തേയും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ചകള്‍ നടന്നിരുന്നുവെന്നൂം അത് സംഘര്‍ഷത്തില്‍ നിന്നുള്ള പിന്മാറ്റത്തിന് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രകടമായ എല്ലാ ഭിന്നതകളും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാധ്യമായ എല്ലാവിധത്തിലുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. അതിന്റെ ഫലമായി സംഘര്‍ഷ സാധ്യത വളരെയധികം ഒഴിവായി. അവശേഷിക്കുന്ന ഭിന്നതകളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റേണ്‍ ലഡാക്കിലെ പാങ്കോംഗ് ലേക്ക് മേഖലയില്‍ മേയ് ആദ്യം ചൈന നടത്തിയ നുഴഞ്ഞുകയറ്റമാണ് ഇരുഭാഗത്തേയും സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്. തടാകത്തിലൂടെ ചൈനീസ് സേന പട്രോളിംഗ് നടത്തുകയും നാല് ചൈനീസ് വ്യോമസേന യുദ്ധ വിമാനങ്ങള്‍ തടാകത്തിന് സമീപം എത്തിക്കുകയും ചെയ്തിരുന്നു.
ഇരുപക്ഷത്തേയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ആദ്യവട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഈസ്റ്റേണ്‍ ലഡാക്കില്‍ നിന്ന് പിന്മാറാന് തീരുമാനമായിരുന്നു. എന്നാല്‍ ചൈനീസ് സൈനികരുടെ സാന്നിധ്യം വീണ്ടും വര്‍ധിച്ചതോടെ ഇന്ത്യയും നിലാപട് കടുപ്പിക്കുകയായിരുന്നു.
ബുധനാഴ്ചയും വെള്ളിയാഴ്ചയും രണ്ടാംവട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. മേജര്‍ ജനറല്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഈസ്റ്റേണ്‍ ലഡാക്ക് വിഷയത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കരസേന മേധാവിയുമായി ചര്‍ച്ച നടത്തിയിരുന്നൂ. ഇരുപക്ഷവും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും സിംഗ് നിര്‍ദേശം നല്‍കിയിരുന്നു.
3488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന ലൈന്‍ ഓഫ് ആക്ചല്‍ കണ്ട്രോള്.






