
കൊച്ചി: ബംഗളുരു സ്ഫോടനക്കേസ് വിചാരണ പത്താം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ ആരോഗ്യനില ആശങ്കാജനകമെന്ന് കുടുംബാംഗങ്ങള്‍. ശാരീരിക അവശതകള്‍ക്കൊപ്പം അന്ധതയും പ്രമേഹവുമാണ് മഅദനിയെ അലട്ടുന്നത്. 2008-ല്‍ ബംഗളുരുവില്‍ നടന്ന തുടര്സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് മഅദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ എട്ടിടങ്ങളിലായി നടന്ന സ്ഫോടനങ്ങളില്‍ രണ്ടുപേര്‍ മരിക്കുകയും ഇരുപതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
2010-ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. എട്ടിടത്ത് നടന്ന സ്ഫോടനങ്ങളില്‍ ഓരോന്നും പ്രത്യേകമായാണ് വിചാരണ നടത്തുന്നത്. ഇവയില്‍ രണ്ടു കേസുകളുടെ വിചാരണ മാത്രമാണ് പൂര്‍ത്തിയായത്. ഇതില്‍ മഅദനിയുടെ പങ്കാളിത്തം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. ശേഷിക്കുന്ന ആറു കേസുകളുടെ വിചാരണാ നടപടികളാണ് ഇഴയുന്നത്. സുരക്ഷാപ്രശ്നം പറഞ്ഞ് കേസിലെ മറ്റ് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് മടിക്കുന്നതാണ് കേസ് നീളാന്‍ കാരണമെന്ന് മഅദനിയുടെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
2013-ല്‍ അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം കിട്ടി കേരളത്തില്‍ വന്നതൊഴിച്ചാല്‍, പരപ്പന അഗ്രഹാര ജയിലില്‍ നാലുവര്‍ഷത്തെ തടവും ശേഷിച്ചകാലം വീട്ടുതടലിലുമാണ് മഅദനി. പ്രമേഹം കാരണം ഞരമ്പുകള്‍ക്കു ബലക്ഷയം വന്ന് അവശനായ മഅദനിയെ ചികിത്സിക്കുന്നത് ഡോ. ഐസക് മത്തായിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ്. ഭാര്യ സൂഫിയ മാത്രമാണ് മഅദനിക്കൊപ്പമുള്ളത്. പക്ഷാഘാതംവന്ന പിതാവിനെ കാണണമെന്ന ആഗ്രഹം ബാക്കിയാണ്.കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പത് വര്‍ഷത്തോളം വിചാരണത്തടവുകാരനായിരുന്ന അബ്ദുള്‍ നാസര്‍ മഅദനി പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.






