
ഷാവോമി പുതിയ 30000 എംഎഎച്ച് പവര്‍ബാങ്ക് 3 ക്വിക്ക് ചാര്‍ജ് എഡിഷന് പുറത്തിറക്കി. ഒരേസമയം മൂന്ന് ഉപകരണങ്ങള്‍ ഇത് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ടൈപ്പ് സി പോര്‍ട്ട് വഴി 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം ഇതിലുണ്ട്.
രണ്ട് യുഎസ്ബി ടൈപ്പ്-എ പോര്‍ട്ടുകളും, യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകളുമാണ് മൂന്ന് ഉപകരണങ്ങള്‍ ഒരേസമയം ചാര്‍ജ് ചെയ്യുന്നതിന് 30000 എംഎഎച്ച് എംഐ പവര്‍ ബാങ്ക് 3 യ്ക്കുള്ളത്. യുഎസ്ബി സി പോര്‍ട്ട് പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം.
കുറഞ്ഞ അളവില്‍ ഊര്‍ജം ആവശ്യമുള്ള സ്മാര്‍ട് ബാന്‍ഡ്, ബ്ലൂടൂത്ത് വയര്‍ലെസ് ഇയര്‍ബഡ്സ് പോലെയുള്ള ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് പ്രത്യേകം ലോ കറന്റ് മോഡ് പവര്‍ ബാങ്കിലുണ്ട്. 4.5 തവണ എംഐ 10, റെഡ്മി കെ30 പ്രോ ഫോണുകള്‍ ചാര്‍ജ് ചെയ്യാനാകുമെന്നും ഐഫോണ്‍ എസ്ഇ (2020) 10.5 തവണ ചാര്‍ജ് ചെയ്യാനാകുമെന്നും ഷാവോമി അവകാശപ്പെടുന്നു.
പുതിയ പതിപ്പിലെ പ്രധാന സവിശേഷതകളില്‍ ഒന്ന് 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമാണ്. ഇതുവഴി 1.45 മണിക്കൂറില്‍ ഒരു ഐഫോണ്‍ 11 ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. സാധാരണ അഞ്ച് വാട്ട് ട്രാവല്‍ ചാര്‍ജറിനേക്കാള്‍ 52 ശതമാനം വേഗതയാണ് ഇത്.






