
വെസ്പ 946 മോഡലിന്റെ സ്പെഷ്യല്‍ എഡിഷന് സ്കൂട്ടര്‍ എത്തി. ഇറ്റാലിയന്‍ ഇരുചക്ര വാഹനനിര്‍മാതാക്കളായ വെസ്പയും ഫ്രഞ്ച് ഫാഷന്‍ ബ്രാന്റായ ഡിയോറും ചേര്‍ന്നാണ് പുതിയ മോഡൽ എത്തിച്ചത്. വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വാഹനം 2021-ഓടെ ആയിരിക്കും പുറത്തിറങ്ങുക. പ്രത്യേക പെയിന്റ് സ്കീമും ഗ്രാഫിക്സുകളുമായിരിക്കും ഈ വാഹനത്തിന്റെ ആകർഷണം. വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോറിന്റെ വില അവതരണ വേളയില്‍ വെളിപ്പെടുത്തും.
വെള്ള നിറത്തിലുള്ള ബോഡിയില്‍ ഗോള്‍ഡന്‍ ബോഡറുകള്‍ നല്‍കിയാണ് സ്കൂട്ടറിന്റെ രൂപകൽപന. പഴയകാല വെസ്പയെ അനുസ്മരിപ്പിക്കുന്ന ടയറുകളാണ് വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോറിൽ. ലെതറില്‍ ഒരുക്കിയിരിക്കുന്ന സീറ്റും ഈ സ്കൂട്ടറിനെ കൂടുതൽ ആകര്‍ഷകമാക്കുന്നു. സ്പെഷ്യല്‍ എഡിഷന് സ്കൂട്ടറിന്റെ രൂപകല്‍പ്പന ഡിയോറിന്റെ ക്രിയേറ്റീവ് വിഭാഗവുമായി സഹകരിച്ചാണ് നിര്‍വഹിച്ചിരിക്കുന്നത്.
വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, വശങ്ങളിലായി നല്‍കിയിട്ടുള്ള ചെറിയ ഇന്റിക്കേറ്റര്‍ ലൈറ്റുകള്‍, ബോഡി കളര്‍ റിയര്‍വ്യൂ മിറര്‍ എന്നിവ ലഭിക്കുന്നു. സ്കൂട്ടറിന്റെ മുന്നില്‍ ഗോള്‍ഡന്‍ ഫിനീഷിങ്ങില്‍ വെസ്പ ബാഡ്ജിങ്ങും വശങ്ങളില് ക്രിസ്റ്റ്യന്‍ ഡിയോര്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. സീറ്റിന് താഴെയായി ക്രിസ്റ്റ്യന്‍ ഡിയോര്‍ ലോഗോയും ഉണ്ട്. ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം. വെസ്പ 946-ന് 125 സിസി മൂന്ന് വാല്‍വ് ഫ്യുവല്‍ ഇഞ്ചക്ഷന് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 11.4 ബിഎച്ച്പി പവറും 10.3 എന്‍എം ടോര്‍ക്കുമേകും.






