എംജി മോട്ടോഴ്സ് ഇന്ത്യയിലേക്ക് മൂന്നാമത്തെ വാഹനമെത്തിക്കാനൊരുങ്ങുകയാണ്. ആദ്യ വാഹനമായെത്തിയ ഹെക്ടറിനും രണ്ടാമതെത്തിയ ഇലക്ട്രിക് എസ്യുവി ZS-നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളിലെത്തുന്ന ഹെക്ടര്‍ പ്ലസ് എന്ന എസ്യുവിയാണ് എംജിയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനം. 2020 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ഹെക്ടര്‍ പ്ലസ് പ്രദര്‍ശനത്തിനെത്തിയത്.
ഹെക്ടര്‍ പ്ലസ് ജൂലായിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് ഈ വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു. യുകെയില്‍ നടന്ന ഈ വാഹനത്തിന്റെ പരസ്യ ചിത്രീകരണത്തില്‍ നിന്നുള്ള ഫോട്ടോയാണിവ.എംജിയുടെ റെഗുലര്‍ മോഡലുമായി സാമ്യമുള്ള ഈ വാഹനം പുതിയ നിറങ്ങളില്‍ എത്തിയേക്കും. സ്റ്റാറി ബ്ലൂ നിറത്തിലുള്ള വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
റിപ്പോർട്ട് പ്രകാരം 2.0 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്നീ മൂന്ന് എന്‍ജിനുകളിലാണ് ഹെക്ടര്‍ പ്ലസും എത്തുന്നത്. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ട്രാന്സ്മിഷന്. മുന്‍ മോഡലിലെ ക്രോമിയം ഗ്രില്ലിന് പകരം ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലാണ് റേഡിയേറ്റര്‍ ഗ്രില്ല് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതിയ പാറ്റേണിലുള്ള ഡിആര്‍എല്‍, രൂപമാറ്റം വരുത്തിയുള്ള ടെയ്ല് ലൈറ്റുകള്‍, ഹെഡ്ലൈറ്റിനും ഫോഗ് ലാമ്പിനും സമീപം ത്രികോണാകൃതിയിലുള്ള സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍.






