
സ്പെസിഫിക്കേഷനിൽ മോശമല്ലാത്തതും വിലക്കുറവുമുള്ള ഇലക്ട്രിക്ക് സ്കൂട്ടർ തിരയുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഗ്രീവീസ് കോട്ടൺ ലിമിറ്റഡ് കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്ന ആംപെയർ വെഹിക്കിൾസ് ഒരു പുത്തൻ ഇലക്ട്രിക്ക് സ്കൂട്ടർ വില്പനക്കെത്തിച്ചു.
മാഗ്നസ് പ്രോ എന്ന് പേരിട്ടിരിക്കുന്ന ആംപെയറിൻ്റെ ഇലക്ട്രിക് സ്കൂട്ടറാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 73,990 രൂപ മാത്രമാണ് എക്സ്-ഷോറൂം ഇതിന്റെ വില. തുടക്കത്തിൽ ബെംഗളൂരു നഗരത്തിലെ ഉപഭോക്താക്കൾക്ക് മാത്രമേ ഈ മോഡൽ വാങ്ങാൻ സാധിക്കൂ. ബ്ലൂയിഷ് പേൾ വൈറ്റ്, മെറ്റാലിക് റെഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഗോൾഡൻ യെല്ലോ എന്നിങ്ങനെ 4 നിറങ്ങളിൽ വില്പനക്കെത്തുന്നു.
110 സിസി ഡിസ്പ്ലേസ്മെന്റുള്ള പെട്രോളിൽ പ്രവർത്തിക്കുന്ന സ്കൂട്ടറുകളോട് (ഹോണ്ട ആക്ടിവ, ടിവിഎസ് ജുപിറ്റർ) കിടപിടിക്കുന്ന പെർഫോമൻസ് ആംപെയർ മാഗ്നസ് പ്രോയ്ക്കുണ്ട് എന്നാണ് അവകാശവാദം. അടുത്ത 30 മുതൽ 60 ദിവസത്തിനുള്ളിൽ രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും മാഗ്നസ് പ്രോയുടെ വിലാപന ആരംഭിക്കുംമെന്നാണ് സൂചന. ലെഡ് ബാറ്ററി പാക്കിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് മോട്ടോർ ഒരു ഫുൾ ചാർജിൽ 100 കിലോമിറ്റർ റേഞ്ച് ആണ് അവകാശപ്പെടുന്നത്. ഈ റേഞ്ച് ഇക്കോ മോഡിലാണ് ലഭിക്കുന്നത്.
ക്രൂയിസ് മോഡിലാണെങ്കിൽ റേഞ്ച് 80 കിലോമിറ്റർ ആയി കുറയും. കീലെസ് എൻട്രി, ആന്റി തെഫ്റ്റ് അലാറം, കമ്പയിൻഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) , എൽഇഡി ഹെഡ്ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ലൈറ്റുകളുള്ള അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ്, എന്നീ ഫീച്ചറുകൾ ആംപെയർ മാഗ്നസ് പ്രോയിൽ ഒരുങ്ങുന്നു.






