
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതി കീഴടങ്ങി. കേസിലെ പത്താം പ്രതിയും അഭിമന്യുവിനെ കുത്തിയവരില്‍ പ്രധാനിയുമായ സഹല്‍ ആണ് കോടതിയില്‍ കീഴടങ്ങിയത്.
2018 ജൂലായ് രണ്ടാം തീയതിയാണ് എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യൂ കോളജിനു സമീപം കുത്തേറ്റു മരിച്ചത്. അഭിമന്യൂവിന്റെ സുഹൃത്തുക്കളായ അര്ജുന്, വിനീത് എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആയിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സഹലിന്റെ കുത്തേറ്റാണ് അഭിമന്യൂ മരണമടഞ്ഞതെന്നാണ് പോലീസിന്റെ കുറ്റപത്രം. എറണാകുളം നെട്ടൂര്‍ സ്വദേശിയാണ് സഹല്‍. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ഇയാള്‍ തമിഴ്നാട്ടില്‍ ഒളിവിലാണെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങളായി നെട്ടൂൂരിലെ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അഭിഭാഷകനൊപ്പമാണ് ഇന്ന് ഉച്ചയോടെ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായത്.
കൊലപാതകം, ഗൂഢാലോചന, സംഘം ചേരല്‍ അടക്കം 13 ഓളംവകുപ്പുകളാണ് പ്രതികള്‍ക്കെതിരെ എറണാകുളം സെല്‍ട്രല്‍ പോലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ 16 പ്രതികളാണ് ഉണ്ടായിരുന്നത്. 14 പേര് നേരത്തെ പിടിയിലായിരുന്നു. രണ്ട് പ്രധാനപ്രതികളെ പിടികൂടാന്‍ കഴിയാത്തത് വലിയ വിമര്‍ശനം നേരിട്ടിരുന്നു. വിചാരണ നടപടികളിലേക്ക് കടക്കാനിരിക്കേയാണ് സഹല്‍ കീഴടങ്ങുന്നത്. ഇനി ഒരു പ്രതി കൂടിയാണ് പിടിയിലാകാനുള്ളത്.
കൊലപാതകത്തിനു ശേഷം പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാം പ്രതി മുഹമ്മദ് അഭിമന്യൂവിനെ ചൂണ്ടിക്കാണിച്ചു നല്കി. ഒമ്പതാം പ്രതി അഭിമന്യൂവിനെ പിടിച്ചുനിര്‍ത്തി. പത്താം പ്രതി സഹല്‍ അഭിമന്യൂവിന്റെ ഇടനെഞ്ചില്‍ കുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ നേരിട്ട് ഇടപെടാത്ത ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികളാണ് ആദ്യം പിടിയിലായത്. പിന്നീട് എട്ട് പ്രതികളില്‍ രണ്ടു പേരൊഴികെയുള്ളവരെ പോലീസ് പിടികൂടുകയും ശചയ്തിരുന്നു.






