
ചേര്‍ത്തല: വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന അന്യസംസ്ഥാനക്കാരന്റെ 11,000 രൂപ കൂട്ടുകാരന് തട്ടിയെടുത്തതായി പരാതി. അര്‍ത്തുങ്കല്‍ ബീച്ചില്‍ ഭിക്ഷ യാചിച്ചു കഴിയുന്ന തമിഴ്നാട് സ്വദേശിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. അമാവാസി ജാക്സണ് എന്നറിയപ്പെടുന്ന 72 കാരന് നാല്‍പ്പതിലധികം വര്‍ഷമായി ഇവിടെ ഭിക്ഷ യാചിച്ചു കഴിയുന്നയാളാണ്.
തമിഴ്നാട് പുതുപ്പേട്ട സ്വദേശിയാണ് അമാവാസി. അര്‍ത്തുങ്കല്‍ ബീച്ച് ഉള്‍പ്പെടെ ചേര്‍ത്തലയിലെ വിവിധ ഇടങ്ങളില്‍ ആരാധനാലയങ്ങളിലും വീടുകളിലും ഭിക്ഷാടനം നടത്തിയായിരുന്നു ജീവിതം. അമാവാസിയെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സമീപിച്ച കൂട്ടുകാരന് വിമാനക്കൂലിയും വിമാനത്താളവത്തില്‍ നിന്നും നാട്ടിലേക്ക് കാറില്‍ പോകാനുമായി 11,000 രൂപയോളം വാങ്ങി മുങ്ങിയെന്നാണ് പരാതി. പണവുമായി പോയ ശേഷം ഫോണ്‍ വിളിച്ചിട്ടും ഇയാളെ കിട്ടാതാകുകയായിരുന്നു.
തമിഴ്നാട്ടില്‍ മരിച്ചുപോയ ജേഷ്ഠന്റെ കുടുംബത്തെ പരിപാലിക്കുന്നത് അമാവാസിയാണ്. സഹോദരന്റെ ഭാര്യയും രണ്ടു പെണ്മക്കളുമാണ് അവിടെയുള്ളത്. കേരളത്തില്‍ ഭിക്ഷയാചിച്ചു കിട്ടുന്ന പണം സൂക്ഷിച്ചു വെച്ച് അതുമായി ആറ് മാസം കൂടുമ്പോള്‍ നാട്ടിലേക്ക് പോകുന്നതാണ് അമാവാസിയുടെ രീതി. ദിവസവും ഭിക്ഷ യാചിച്ച് കിട്ടുന്ന 300 രൂപയില്‍ 100 രൂപ സ്വന്തം ആവശ്യത്തിന് എടുത്ത ശേഷം ബാക്കി തുക സൂക്ഷിച്ച് വെച്ച് പിന്നീട് അതുമായി നാട്ടിലേക്ക് പോകും.
കോവിഡിനെ തുടര്‍ന്ന് തൊഴില്‍ പ്രതിസന്ധിയിലാകുകയും ഭക്ഷണം കഴിക്കാന്‍ പോലും സാഹചര്യമില്ലാതാകുകയും ചെയ്ത അവസ്ഥയില്‍ കഴിയുമ്പോഴാണ് മുമ്പ് ഒരുമിച്ച് ഭിക്ഷയെടുത്തിരുന്ന സുഹൃത്തിനെ കണ്ടത്. കഴിഞ്ഞ വര്‍ഷം അവസാനം നാട്ടില്‍ പോയ ശേഷം അമാവാസിക്ക് പിന്നീട് പോകാനായിട്ടില്ല. ലോക്ഡൗണില്‍ ഭിക്ഷാടനം നടത്താനുള്ള ശ്രമം നാട്ടുകാരും പോലീസും തടയുകയും ചെയ്തതോടെയാണ് കൂട്ടുകാരനെ കാണാന്‍ പോയത്. കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് വിമാനത്തിലും അവിടെ നിന്നും നാട്ടിലേക്ക് കാറിലും പോകാമെന്ന് പ്രലോഭിപ്പിച്ചാണ് കൂട്ടുകാരന് പണം തട്ടിയെന്നാണ് അമാവാസിയുടെ ആരോപണം.






