
കൊട്ടാരക്കര: പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രതിയായ സൂരജ് അനേകം സൗഹൃദവലയങ്ങള്‍ ഉണ്ടായിരുന്ന ആളായിട്ടും ഭാര്യ ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റപ്പോള്‍ സംഭവം രഹസ്യമാക്കി വെയ്ക്കാന്‍ പരമാവധി ശ്രമിച്ചു. ഇരുപതിലേറെ അടുത്ത സുഹൃത്തുക്കള്‍ ഉണ്ടായിരുന്നിട്ടും രണ്ടുപേരോട് മാത്രമാണ് സൂരജ് വിവരം പറഞ്ഞതെന്നും മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ശ്രദ്ധ വെച്ചിരുന്നതുമായിട്ടാണ് കണ്ടെത്തല്‍. നിഗൂഡ സ്വഭാവം പുലര്‍ത്തിയിരുന്ന ആളായിരുന്നു സൂരജെന്നാണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കളും പോലീസിന് നല്കിയ മൊഴി.
സൂരജിന്റെ ഈ വൈചിത്ര സ്വഭാവം മൂലം മറ്റൊരു വിളിപ്പേരും കൂട്ടുകാര്‍ക്കിടയില്‍ ഇയാള്‍ക്ക് ഉണ്ടായിരുന്നു. നാലു സുഹൃത്തുക്കളെയാണ് കഴിഞ്ഞ ദിവസം അടൂര്‍ എത്തിച്ച് മൊഴിയെടുത്തത്. സൂരജ് നടത്തിയിട്ടുള്ള മുമ്പത്തെ പല പ്രവര്‍ത്തികളിലും സംശയം ഉണ്ടായിരുന്നതായും ഉത്രയെ അണലി കടിച്ച ആദ്യ സംഭവം പോലും അടുത്ത സുഹൃത്തുക്കള്‍ അറിഞ്ഞത് ഉത്ര മരിച്ച ശേഷമായിരുന്നെന്നും ഇവര്‍ പറഞ്ഞു.
ഉത്രയെ ആദ്യം കടിച്ച അണലിയെ സുരേഷ് ഫെബ്രുവരി 26 ന് സൂരജിന്റെ വീട്ടില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. രണ്ടു ദിസം കഴിഞ്ഞ വീടിന്റെ കോണിപ്പടിയില്‍ ഇട്ട് ഉത്രയെ കടിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്ന് ഉത്ര പേടിച്ചോടിയതിനാല് കാര്യം നടന്നില്ല. ഓടിയെത്തി പാമ്പിനെ സൂരജ് ചാക്കിലാക്കി അടുക്കളയിലെ വിറക് വെച്ചിരുന്ന ഭാഗത്ത് ഒളിപ്പിച്ചു വെച്ചു. പിന്നീട് മാര്‍ച്ച് 2 ന് രാത്രിയില്‍ പുറത്തെടുത്ത് ഉത്ര കിടന്ന മുറിയില്‍ കൊണ്ടുപോയി ചാക്കില്‍ നിന്നും കുടഞ്ഞിട്ട് കടിപ്പിക്കുകയായിരുന്നു. പിന്നീട് പാമ്പിനെ ചാക്കില്‍ കയറ്റി മുകളിലത്തെ നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു കളഞ്ഞിരുന്നു എന്നാണ് സൂരജ് നല്കിയ മൊഴി.
അതേസമയം മൂര്‍ഖനെ കൈമാറിയതാകട്ടെ ഏപ്രില്‍ 24 ന് ഏനാത്ത് പാലത്തിന് സമീപത്ത് വെച്ചായിരുന്നു. പറക്കോട്ടെ വീട്ടില്‍ സൂരജിനെയും പാമ്പുപിടുത്തക്കാരന് സുരേഷിനെയും എത്തിച്ച് വനംവകുപ്പ് തെളിവെടുപ്പ് നടത്തി. ഇരുവരേയും ഇനി ഉത്രയുടെ വീട്ടില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. സൂരജിന്റെ മാതാവിനെയും സഹോദരിയെയും അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വിഷപ്പാമ്പുകളെ സൂരജ് വിലയ്ക്കു വാങ്ങുകയും വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തതില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്.






