
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മേജര്‍ ജനറല്‍ തലത്തില്‍ ഇരു സേനകളും പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും സൈനിക നീക്കങ്ങള്‍ തുടര്‍ന്ന് ഇരു രാജ്യങ്ങളും. ഡെപാസംഗില് ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിപ്പിച്ചതിന് പിന്നാലെ ചൈനയുടെ ഏതു ഭീഷണിയെയും ചെറുക്കാനായി ഇന്ത്യയും കരസേനയെയും വ്യോമസേനയെയും സജ്ജമാക്കിയിരിക്കുകയാണ്.
ചൈനയെ നേരിടാന്‍ ലേയിലെ വ്യോമതാവളത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ എത്തിച്ച് സന്നാഹം ഇന്ത്യ ശക്തമാക്കി. ബീജിംഗിന് കൃത്യമായ സന്ദേശം നല്കാന് ബംഗാള്‍ ഉള്‍ക്കടലിലെ യുദ്ധക്കപ്പലുകളുടെ വിന്യാസവും കൂട്ടി. അതിര്‍ത്തിയിലെ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ചൈന ധാരണകള്‍ ലംഘിക്കുകയാണെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല എന്നും വ്യോമസേനാ മേധാവി പറഞ്ഞു. കശ്മീരിലും ലഡാക്കിലും എത്തി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് വ്യോമസേനാ മേധാവി ഇക്കാര്യം പറഞ്ഞത്.
തര്‍ക്കം പരിഹരിക്കാന്‍ സൈനിക തലത്തിലും വിദേശകാര്യ മന്ത്രാലയം വഴിയും അതിര്‍ത്തി നിര്ണ്ണയിക്കലുമായി ബന്ധപ്പെട്ടും പല രീതിയിലുള്ള ശ്രമം നടക്കുകയാണ്. അതേസമയം ചൈന വീണ്ടും പ്രകോപനം തുടരുകയാണ്. ഗാല്‍വാന്‍ വര്‍ഷങ്ങളായി ചൈനയുടെ ഭാഗമാണെന്നാണ് ചൈനയുടെ ഏറ്റവും പുതിയ അവകാശവാദം. തങ്ങള്‍ ഏറെ നാളായി ഇവിടെ പെട്രോളിംഗ് നടത്തുന്നുണ്ടെന്നും പറഞ്ഞു. 24 മണിക്കൂറിനിടയില്‍ രണ്ടാം തവണയാണ് ചൈന ഈ അവകാശവാദം ഉന്നയിക്കുന്നത്. നേരത്തേ ഇന്ത്യന്‍ സൈനികരെ പിടിച്ചുവെച്ച് വിലപേശാന്‍ ചൈന ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഒരു ലഫ്. കേണല്‍, മൂന്ന മേജര്‍ എന്നിവരടക്കം 10 സേനാംഗങ്ങളെ മൂന്ന ദിവസം ചൈന തടവിലാക്കിയെന്നും ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിട്ടയച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഗല്‍വാന്‍ പെട്രോള്‍ പോയിന്റായ 14 ന് പിന്നിലെ താവളത്തിലായിരുന്നു ഇവരെ പാര്‍പ്പിച്ചതെന്നും 18 ന് വൈകിട്ടാണ് ഇവരെ കൈമാറിയതെന്നുമാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പരിക്കുകളില്ലെന്ന് കാണിക്കാന്‍ ഇവരുടെ ചിത്രങ്ങളും ചര്‍ച്ചയ്ക്കിടയില്‍ കൈമാറിയിരുന്നു. സേനാംഗങ്ങളെ തടവില്‍ വെയ്ക്കുന്നത് ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും വിട്ടുതരില്ലെന്നാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രാലയവും ഇന്നലെ പറഞ്ഞത്. കരസേനയെ പിന്തുണയ്ക്കാന്‍ കശ്മീരിലെയും അസമിലെയും യുപിയിലെയും വ്യോമതാവളങ്ങളിലാണ് പടയൊരുക്കം. ആണവ മിസൈല്‍ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വാര്‍ യുദ്ധ വിമാനങ്ങളും അപ്പാച്ചി , സൈനികര്‍ക്ക് വേണ്ടിയുള്ള വസ്തുക്കളുമായി പോകുന്ന ചിനുക്ക് ഹെലികോപ്റ്ററുകളുമാണ് നിലയുറപ്പിച്ചിട്ടുള്ളത്.
പ്രശ്നം പരിഹരിക്കാന്‍ ഒരു തരത്തിലുമുള്ള താല്‍പ്പര്യം കാട്ടാത്ത പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി 3,488 കിലോമീറ്റര്‍ നീളമുള്ള എല്‍എസിയില്‍ തയ്യാറെടുപ്പ് നടത്തുകയാണ്. കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍, ഡെപ്സാംഗ് എന്നിവിടങ്ങളില്‍ ചൈനീസ് സേന ആയുധങ്ങളും ടാങ്കുകളും വിന്യസിപ്പിച്ചു. പൊംഗോംഗ് ട്സോ തടകാത്തിന്റെ വടക്കന്‍ കരയില്‍ ഫിംഗര്‍ 4 മുതല്‍ 8 വരെ നിലയുറപ്പിച്ചിരിക്കുകയാണ്. മെയ് ആദ്യം മുതല്‍ പടിഞ്ഞാറോട്ടും കിഴക്കോട്ടുമുള്ള ഇന്ത്യയുടെ പെട്രോളിംഗ് ചൈന തടഞ്ഞിരുന്നു. ഗാല്‍വാനിലും ഹോട്ട്സ്പ്രിംഗ് ഏരിയകളിലും സമാന സാഹചര്യമാണ്. ടിബറ്റിലെ കാഷ്ഗര്‍, ഹോട്ടന്‍ വ്യോമതാവളങ്ങളില്‍ ചൈന ജെ - 11, ജെ - 8 വിമാനങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ടിബറ്റിലെ എട്ട് പ്രധാന വ്യോമതാവളങ്ങള്‍ ചൈനയ്ക്ക ഉപയോഗിക്കാനാകും. അതേസമയം കടല്‍ നിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന പ്രദേശത്ത് പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രകൃതിയില്‍ ചൈനീസ് വ്യോമസേനയ്ക്ക് ഏറെ കഷ്ടപ്പെടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയും സുസജ്ജമായ നീക്കമാണ് നടത്തുന്നത്. ഛണ്ഡീഗഡില്‍ നിന്നും ലഡാക്കിലേക്ക് സൈനികരെയും ആയുധങ്ങളും എളുപ്പം കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.






