
ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ചൈനാ വിരുദ്ധ പ്രചാരണം ശക്തമായിരിക്കുകയാണ്. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ ശക്തമായതിനിടയിലും ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസിന്റെ പുതിയ ഫ്ളാഗ്ഷിപ് സ്മാര്‍ട്ഫോണായ 'വണ്‍ പ്ലസ് 8പ്രോ' ഇന്ത്യയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതായി റിപ്പോർട്ട്.
ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട പ്രകാരം ചൈനീസ് ബ്രാന്‍ഡുകളെ, പ്രത്യേകിച്ചും സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളെ ഇപ്പോളും ഇന്ത്യ ആശ്രയിക്കുന്നുണ്ടെന്നും അത് കുറയ്ക്കാന്‍ ഇന്ത്യ ഇനിയും തയ്യാറെടുത്തിട്ടില്ലായിരിക്കാം എന്നത് വണ്‍ പ്ലസ് 8പ്രോയുടെ വിൽപന തെളിയിക്കുന്നു. വണ്‍പ്ലസ് ചൈനയിലെ ബിബികെ ഇലക്ട്രോണിക്സ് എന്ന വന്‍കിട കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് ആണ്. വിവോ, ഓപ്പോ,റിയല്‍മി, ഐക്യൂ പോലുള്ള ബ്രാന്‍ഡുകളും ബിബികെ ഇലക്ട്രോണിക്സിന്റേതാണ്.
ചൈനയില്‍ നിന്നും സ്മാര്‍ട്ഫോണുകള്‍ ഉള്‍പ്പടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും നിര്‍മാണ സാമഗ്രികളും ഇന്ത്യയിലേക്ക് വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈന മുന്നിലാണ്.






