
ന്യൂഡല്‍ഹി: മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയ്യെ അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്യാത്തതിന്റെ പേരില്‍ ഉയര്‍ന്ന വിവാദം അടുത്ത തലത്തിലേക്ക്. അവാര്‍ഡിനു ശുപാര്‍ശ ചെയ്യാത്തതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ത്തിയ പ്രണോയ്ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് ബാഡ്മിന്റണ്‍ അസോസിയേഷന് നല്‍കിയതിനു പിന്നാലെ താരത്തെ താന്‍ ശുപാര്‍ശ ചെയ്തതായി വെളിപ്പെടുത്തി ഗോപിചന്ദ്.
ഖേല്‍രത്ന പുരസ്കാര ജേതാക്കള്‍ക്ക് ഒരാളെ അര്‍ജുന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യാനുള്ള അവസരമുണ്ടെന്നും അതനുസരിച്ചാണ് താന്‍ പ്രണോയിയെ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തതെന്നുമാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖേല്‍രത്ന പുരസ്കാര ജേതാവെന്ന നിലയിലാണ് താന്‍ പ്രണോയിയെ ശുപാര്‍ശ ചെയ്തതെന്നും ഇന്ത്യന്‍ ബാഡ്മിന്റണ്‍ മുഖ്യ പരിശീലകന് എന്ന നിലയിലശല്ലന്നും ഗോപിചന്ദ് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ മാനദണ്ഡ പ്രകാരം ഖേല്‍രത്ന പുരസ്കാര ജേതാവ് സൈന നേഹ്വാള് മലയാളി ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലനെ അര്‍ജുനയ്ക്ക് ശുപാര്‍ശ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം അസോസിയേഷനെ വിമര്‍ശിച്ചതില്‍ 15 ദിവസത്തിനകം പ്രണോയ് വിശദീകരണം നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി അജയ് സിംഘാനിയ വ്യക്തമാക്കിയിട്ടുണ്ട്.






