
ന്യൂഡല്‍ഹി: മലയാളി ബാഡ്മിന്റണ്‍ താരം എച്ച്്.എസ്. പ്രണോയിയെ അര്‍ജുന പുരസ്കാരത്തിനു നാമനിര്‍ദേശം ചെയ്ത ദേശീയ ടീം കോച്ചും ഓള് ഇംഗ്ലണ്ട് മുന്‍ ചാമ്പ്യനുമായ പുലേല ഗോപീചന്ദ്.
ചീഫ് കോച്ചായല്ല ഖേല്‍രത്ന ജേതാവ് എന്ന നിലയ്ക്കാണു പ്രണോയിയെ നാമനിര്‍ദേശം ചെയ്തതെന്ന് ഗോപീചന്ദിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഗോപീചന്ദോ, പ്രണോയിയോ പ്രതികരിക്കാന്‍ തയാറായില്ല. ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ (ബായ്) തള്ളിയ താരത്തെ ചീഫ് കോച്ച് പിന്തുണക്കുമ്പോഴുള്ള വിവാദങ്ങളെ മറികടക്കാനാണു ഗോപീചന്ദ് ഖേല്‍രത്ന ജേതാവിന്റെ അവകാശം ഉപയോഗിച്ചു ശുപാര്‍ശ ചെയ്തത്.
മലയാളി താരം കൈവരിച്ച നേട്ടങ്ങള്‍ക്ക് അടുത്തു പോലുമില്ലാത്ത സമീര്‍ വര്‍മ, സാത്വിക്സായ് രാജ റാന്‍കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരെയാണ് ബായ് അര്‍ജുന പുരസ്കാരത്തിനു ശുപാര്‍ശ ചെയ്തത്.
വെറ്ററന്‍ താരം കിഡംബി ശ്രീകാന്തിനെ പരമോന്നത കായിക ബഹുമതി രാജീവ് ഗാന്ധി ഖേല്‍രത്നയ്ക്കും ശിപാര്‍ശ ചെയ്തു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്നു ശ്രീകാന്തും പ്രണോയും അനുമതി വാങ്ങാതെ വിട്ടുനിന്നതാണു പ്രശ്നങ്ങള്‍ക്കു കാരണം. ബായ് വിശദീകരണം ചോദിച്ചതോടെ ശ്രീകാന്ത് മാപ്പപേക്ഷിച്ചിരുന്നു. ഇരുവരും ബാഴ്സലോണയില്‍ ഒരു ടൂര്‍ണമെന്റില്‍ കളിക്കാന്‍ പോയതായിരുന്നു. സെമി ഫൈനലില്‍ തോറ്റതോടെ ഇന്ത്യ മൂന്നാം സ്ഥാനക്കാരായി മടങ്ങി. അപേക്ഷ തള്ളിയതോടെ പകരം തന്നെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും തഴയുകയാണെന്നു പ്രണോയ് ആരോപണമുന്നയിച്ചു. അതോടെ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്കാന് മലയാളി താരത്തോട് ബായ് ആവശ്യപ്പെട്ടു. അച്ചടക്ക നടപടിയെ കുറിച്ചറിയാതെയാണു ഗോപീചന്ദ് പ്രണോയുടെ പേര് ശിപാര്‍ശ ചെയ്തെന്ന സൂചനയുണ്ട്.






