
എംജി മോട്ടോര്‍സ് ഹെക്ടര്‍ പ്ലസിന്റെ അരങ്ങേറ്റത്തിന് തയാറെടുക്കുകയാണ്. വാഹനം 2020 ജൂലൈ ഒന്നിന് വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു. അടുത്തിടെ മോഡലിന്റെ ഉത്പാദനം കമ്പനി ആരംഭിക്കുകയും ചെയ്തു. ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് വാഹനത്തിന്റെ ഉത്പാദനം നടക്കുന്നത്. ഹെക്ടര്‍ പ്ലസ് എംജി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനമാണ്.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഡീലര്‍ഷിപ്പില്‍ എത്തിയ വാഹനത്തിന്റെ ഏതാനും ചിത്രങ്ങളാണ് വാര്‍ത്തയാകുന്നത്. കഴിഞ്ഞ ദിവസം വാഹനത്തിന്റെ ടീസര്‍ വീഡിയോ പുറത്തുവന്നിരുന്നു. അന്ന് മോഡലിനെ പുതിയൊരു കളര്‍ ഓപ്ഷനിലായിരുന്നു ടീസറിൽ കണ്ടത്. ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങളിലും പുതിയൊരു കളര്‍ ഓപ്ഷനാണ് ഉള്ളത്.
വാഹനത്തിന്റ അനൗദ്യോഗിക ബുക്കിങ്ങും കമ്പനി ആരംഭിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. ആദ്യം വാഹനം ആറ് സീറ്റര്‍ ഓപ്ഷനില്‍ വിപണിയില്‍ എത്തും. ഭാവിയില്‍ ഏഴ് സീറ്റര്‍ പതിപ്പും പുറത്തിറങ്ങുമെന്നും റിപ്പോർട്ടുൾ ഉണ്ട്. ഹെക്ടര്‍ പ്ലസിനെ എംജി ആദ്യമായി പ്രദര്‍ശിപ്പിച്ചത് 2020 ഓട്ടോ എക്സ്പോയിലാണ്. സീറ്റുകളുടെ ആദ്യ കാഴ്ചയില്‍ റെഗുലര്‍ ഹെക്ടറിന് സമമായിരിക്കും ഹെക്ടര്‍ പ്ലസ്.
പുതുക്കി ബമ്പര്‍, പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള മുന്‍വശത്തെ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്ലാമ്പുകള്‍, ഫോഗ് ലാമ്പ് ക്ലസ്റ്റര്‍ എന്നിവയാണ് മുന്‍വശത്തെ ഫീച്ചറുകൾ. ബിഎസ് VI 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് സിസ്റ്റമുള്ള എഞ്ചിന്, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന് എന്നീ വകഭേദങ്ങളില്‍ വാഹനം എത്തുമെന്നാണ് സൂചന.






