
ജൂലായിൽ തങ്ങളുടെ വിലക്കുറവുള്ള സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാൻ പോവുകയാണ് ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺപ്ലസ് എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം 'OnePlusLiteZThing' എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും വൺപ്ലസ് ആരംഭിച്ചിട്ടുണ്ട്. 'പുതിയ, വിലക്കുറവില്ല സ്മാർട്ട്ഫോൺ ശ്രേണി' തയ്യാറാക്കുന്ന വിവരം വൺപ്ലസ് ആണ് അറിയിച്ചത്.
റിപോർട്ടുകൾ അനുസരിച്ച് ജൂലൈ മാസം രണ്ടാം വാരത്തിൽ ഈ ഫോൺ എത്തിയേക്കും. വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന വൺപ്ലസ് സ്മാർട്ട്ഫോണിന്റെ പേര് എന്നതിനെപ്പറ്റി ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്നാൽ, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ച പേര് അടിസ്ഥാനമാക്കിയാൽ വൺപ്ലസ് Z എന്നാകണം പുത്തൻ സ്മാർട്ട്ഫോണിന്റെ പേര് എന്ന് ചില റിപോർട്ടുകൾ പറയുന്നു.
എന്നാൽ, ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിൽ ബ്രോഷറിനൊപ്പം നോർഡ് (Nord) എന്നെഴുതിയിരിക്കുന്നു. ഫോണിന്റെ പേര് ഇതാണോ എന്ന് ഉപഭോക്താക്കൾ ചോദിച്ചതോടെ ഈ ഫോട്ടോ ഇൻസ്റ്റാഗ്രാം പേജിൽ നിന്നും പിൻവലിച്ചു. ഇതോടെ പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണിന്റെ പേര് വൺപ്ലസ് നോർഡ് എന്നാകും എന്ന അഭ്യൂഹങ്ങൾ ഉണ്ട്. 5ജി സപ്പോർട്ടോടുകൂടിയ സ്നാപ്ഡ്രാഗൺ 765 SoC ചിപ്സെറ്റ് ആയിരിക്കും വൺപ്ലസിന്റെ പുതിയ ഫോണിനെ പ്രവർത്തിപ്പിക്കുക.






