
സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ ഡെപ്യുട്ടി കളക്ടർ നടപടിക്ക് ശുപാർശ ചെയ്തു. റിപ്പോർട്ട് അനുസരിച്ച് പോലീസ് സബ് ഇൻസ്പെക്ടറായ സായ്നാഥ് അൻമോദിനെയാണ് മഹാരാഷ്ട്രയിലെ ഹിങ്കോലി ഡെപ്യൂട്ടി കളക്ടർ ചന്ദ്രകാന്ത് സൂര്യവംശിയാണ് മറ്റു ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ച് അപമാനിച്ചത്. ആംബുലൻസ്, പോലീസ് പോലെയുള്ള എമർജൻസി വാഹനങ്ങളിലല്ലാതെ മറ്റു വാഹനങ്ങളിൽ ബീക്കൺ ലൈറ്റുകളും സൈറനും നൽകുന്നത് നിയമവിരുദ്ധമാണ്.
എസ്.ഐ സായ്നാഥ് മഹാരാഷ്ട്രയിലെ ഇന്ദിര ചൗക്കിൽ കോവിഡ് ഡ്യൂട്ടിലായിരുന്നു. ബീക്കൺ ലൈറ്റ് ഘടിപ്പിച്ച സ്വകാര്യ വാഹനമായ മഹീന്ദ്ര എക്സ്യുവി 300 അദ്ദേഹം കൈകാണിച്ച് നിര്ത്താന് ആവശ്യപ്പെട്ടു. സ്വാകര്യവാഹനത്തിൽ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാറിലുണ്ടായിരുന്ന ആളിനോട് അദ്ദേഹം പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടർന്ന് വാഹനത്തിൽ നിന്നിറങ്ങിയ കളക്ടർ എസ്.ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. നിങ്ങൾ എന്നെ നിയമം പഠിപ്പിക്കേണ്ടെന്ന് ആക്രോശിക്കുകയും ചെയ്ത് പോലീസുകാർക്ക് നേരെ കളക്ടർ തട്ടിക്കയറുകയുമായിരുന്നു. ഷോർട്ട്സും ടി ഷർട്ടും ധരിച്ചായിരുന്നു കളക്ടറുടെ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനത്തിലെ യാത്ര. വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നാണ് സൂചന.
ഇത് കൂടാതെ, പോലീസ് സ്റ്റേഷനിലെത്തിയ ഡെപ്യൂട്ടി കളക്ടർ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് എസ്.ഐയെ അപമാനിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഉയർന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ തന്നെ അപമാനിച്ചതിനും തുടർന്ന് നിയമം തെറ്റിച്ചതിനും ഡെപ്യൂട്ടി കളക്ടർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അൻമോദ് ഉയർന്ന ഉദ്യോഗസ്ഥർക്ക് കത്തെഴുതി. കളക്ടർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം വരുന്ന പോലീസുകാർ എസ്.ഐക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.






