
തിരുവനന്തപുരം: യു.ഡി.എഫ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ 'വന്ദേമാതരം' മുഴങ്ങുമോ എന്നതടക്കം കാത്തിരിക്കുന്ന കൗതുകങ്ങളേറെ. ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പങ്കെടുക്കുമോയെന്നതും സസ്പെന്‍സ്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, എഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്ര എം.പി. തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യംവഹിക്കും.
നിയുക്ത പ്രതിപക്ഷനേതാവും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയുമായ പിണറായി വിജയനെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് വീട്ടിലെത്തി സത്യപ്രതിജ്ഞാച്ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും ക്ഷണമുണ്ട്.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 10-നാണ് സത്യപ്രതിജ്ഞ. 12,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. ആകെ ഒരുലക്ഷത്തോളം പേര് എത്തുമെന്നാണ് പ്രതീക്ഷ. പന്തലിന്റെ വശങ്ങളില് സ്ഥാപിച്ച കൂറ്റന്‍ സ്ക്രീനുകളില്‍ സത്യപ്രതിജ്ഞാച്ചടങ്ങ് തത്സമയം പ്രദര്‍ശിപ്പിക്കും. നിശാഗന്ധി ഉള്‍പ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിലും വലിയ സ്ക്രീനുകള്‍ സ്ഥാപിക്കും.
ചടങ്ങിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തമിഴ് വാഴ്ത്തുപാട്ടിനു മുമ്പ് വന്ദേമാതരം ആലപിച്ചതു വിവാദമായിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ലോക്ഭവനില്‍ ഗവര്‍ണറുടെ സത്കാരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന്, ആദ്യമന്ത്രിസഭായോഗം ചേര്‍ന്ന് നിയമസഭ ചേരാനുള്ള ശിപാര്‍ശ ഗവര്‍ണര്‍ക്കു സമര്‍പ്പിക്കും.






