
കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ജില്ലയിലെ 13ല്‍ 12 സീറ്റിലും യു.ഡി.എഫ് ജയിച്ചിട്ടും കോഴിക്കോട് ജില്ലയ്ക്ക് ഒറ്റ മന്ത്രിമാരുമില്ലെന്ന പരിഭവത്തിലാണ് പ്രവര്‍ത്തകള്‍ . ജില്ലയില്‍ ലീഗിന്റെ ആറ് പേരാണ് ഇത്തവണ വിജയിച്ചത്. ഒരു മന്ത്രിസ്ഥാനം കോഴിക്കോടിനായിരിക്കുമെന്ന് നേരത്തെതന്നെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
ഇതനുസരിച്ച് കുറ്റ്യാടിയില്‍ നിന്ന് വിജയിച്ച പാറക്കല്‍ അബ്ദുള്ളയെ മന്ത്രിയാക്കുമെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്തിമ പട്ടിക തയ്യാറാക്കിയപ്പോള്‍ പാറക്കല്‍ അബ്ദുള്ള പുറത്താകുകയായിരുന്നു. അവസാന രണ്ടര വര്‍ഷം പാറക്കല്‍ അബ്ദുള്ളയ്ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന തരത്തിലാണ് ലീഗ് നേതൃത്വം പറയുന്നതെങ്കിലും അത് എപ്രകാരമായിരിക്കുമെന്നും വ്യക്തമല്ല.
ഇത് ലീഗ് അണികളെ വ്യാപകമായി പ്രകോപിപ്പിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ലീഗ് പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി. പലയിടങ്ങളിലും പ്രതിഷേധ പരിപാടികള്‍ക്കും വിവിധ വാട്സ് ആപ്പ് കൂട്ടായ്മകള്‍ ആഹ്വാനം ചെയ്തിട്ടുമുണ്ട്. കുറ്റ്യാടി മണ്ഡലത്തില്‍പ്പെട്ട പുറമേരിയില്‍ പ്രതിഷേധ പ്രകടനത്തിന് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തതും ലീഗ് നേതൃത്വത്തിന് തലവേദനയാകും.
കോണ്‍ഗ്രസിന് ഇത്തവണ ജില്ലയില്‍ അഞ്ച് അംഗങ്ങളുണ്ട്. കൊയിലാണ്ടിയില്‍ നിന്നും വിജയിച്ച ഡി.സി.സി അധ്യക്ഷന്‍ കെ. പ്രവീണ്‍കുമാര്‍, കോഴിക്കോട് നോര്‍ത്തില്‍ നിന്നും വിജയിച്ച കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരിലൊരാള്‍ക്ക് മന്ത്രി സ്ഥാനം നല്‍കുമെന്നായിരുന്നു നേതൃത്വം നല്കിയ ഉറപ്പ്. എന്നാല്‍ കോണ്‍ഗ്രസിന്റെ അന്തിമ പട്ടികയില്‍ ഇവരൊന്നും ഉള്‍പ്പെട്ടില്ല. മന്ത്രിസഭയില്‍ കോഴിക്കോട്ടെ എം.എല്‍.എ.മാരെ ആരെയും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്.
നേരത്തെ കോണ്‍ഗ്രസിന് ജില്ലയില്‍ ഒന്നോ, രണ്ടോ പേരുടെ പ്രാതിനിധ്യം മാത്രം ഉണ്ടായിരുന്നപ്പോഴും എ. സുജനപാല്‍, അഡ്വ. എ. ശങ്കരന്, എം.ടി. പത്മ തുടങ്ങിയവരേയെല്ലാം മന്ത്രിമാരാക്കി ജില്ലയ്ക്ക് പ്രാതിനിധ്യം നല്കാന് യു.ഡി.എഫ് നേതൃത്വം തയ്യാറായിരുന്നു. എന്നാല്‍ ഇത്തവണ വി.ഡി. സതീശന് ഗ്രൂപ്പുകള്‍ക്ക് പ്രാമുഖ്യം നല്‍കിയതോടെ ജില്ല മന്ത്രിസഭാ പട്ടികയില്‍ നിന്നും പുറത്താകുകയായിരുന്നു. വടകരയില്‍ നിന്നും ജയിച്ച കെ.കെ. രമയേയും മന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഒടുവില്‍ കൈവിടുകയായിരുന്നു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരില്‍ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ജില്ലയില്‍ നിന്നും മന്ത്രിമാരായിരുന്നു. പതിനൊന്നിടത്ത് എല്‍.ഡി.എഫ് വിജയിച്ചപ്പോഴായിരുന്നു ജില്ലയ്ക്ക് മൂന്ന് മന്ത്രിമാരെ നല്കാന് എല്‍.ഡി.എഫ് നേതൃത്വം തയ്യാറായത്. ഇത് ചൂണ്ടിക്കാട്ടിയാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും പ്രതിഷേധസ്വരം ഉയര്‍ത്തുന്നത്.
കല്പറ്റയില് നിന്നും വിജയിച്ച അഡ്വ. ടി. സിദ്ദിഖ് കോഴിക്കോട്ടുകാരനായതിനാല്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ മന്ത്രിസഭയില്‍ ഉണ്ടല്ലോയെന്ന വാദമാണ് കോണ്‍ഗ്രസ് നേതൃത്വം ഇതിന് മറുപടിയായി ഉയര്‍ത്തുന്നതെന്നും അണികള്‍ പറയുന്നു.






