മലബാര്‍ കലാപം വിഷയമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി രണ്ട് ദിവസം കൊണ്ട് ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ചത് 16.30 ലക്ഷം രൂപ. അലി അക്ബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 25, 50 രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ നല്കിയവരുണ്ടെന്ന് അലി അക്ബര്‍ വെളിപ്പെടുത്തി. ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും ലഭിക്കുന്നുണ്ടെന്നും അലി അക്ബര്‍ പറഞ്ഞു.
50,000 തന്നവര്‍ക്ക് നന്ദി പറഞ്ഞാല്‍ 25 രൂപ തന്നവര്‍ക്കും നന്ദി പറയണ്ടേ. ഓരോരുത്തര്‍ക്കും നേരിട്ട് നന്ദി പറയാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്. അതിനാല്‍ എല്ലാവരോടും ഒരുമിച്ച് നന്ദി പറയുന്നു. 50,000 തന്നിട്ട് അടുത്ത 50,000 അടുത്ത മാസം തരാമെന്ന് പറയുന്നവരുണ്ട്. ഷൂട്ടിംഗിന്റെ സമയത്ത് ഒരു ലക്ഷം അയക്കുമെന്ന് പറഞ്ഞവരുമുണ്ട്. കൊവിഡിന്റെ കാലത്ത് പലര്‍ക്കും ജോലിയോ വരുമാനമോ ഇല്ല. എന്നിട്ടും രണ്ട് ദിവസം കൊണ്ട് 16 ലക്ഷത്തിലധികം രൂപ വന്നു എന്ന് പറഞ്ഞാല്‍ മഹാത്ഭുതമാണ്. കുടുംബത്തിനെതിരെ മോശം പ്രചാരണം നടത്തിയവരെക്കുറിച്ച് നിയമനടപടി സ്വീകരിക്കുമെന്നും അലി അക്ബര്‍ പറഞ്ഞു.
ക്രൗഡ് ഫണ്ടിംഗിനെക്കുറിച്ച് നടത്തിയ ഫെയ്സ്ബുക്ക് ലൈവിലാണ് അലി അക്ബര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഖിലാഫത്ത് സമരനായകനായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ആഷിക് അബു-പൃഥ്വിരാജ് ടീം സിനിമ പ്രഖ്യാപിച്ചതോടെയാണ് അലി അക്ബറും സിനിമ പ്രഖ്യാപിച്ചത്. അലി അക്ബറിന് പുറമെ ഇബ്രാഹിം വേങ്ങരയും പി.ടി കുഞ്ഞുമുഹമ്മദും ഇതേ വിഷയത്തില്‍ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.






