
സബ് കോംപാക്ട് എസ്.യു.വി നിരയിലേക്ക് എത്തുന്ന റെനോ കിങ്ങർ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കിങ്ങറിന്റെ എല്ലാ ഭാഗവും വ്യക്തമാക്കുന്ന ചിത്രങ്ങളാണ് സ്പ്രിന്റ്വീൽസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റെനോയുടെ ഒരു വ്യത്യസ്ത മോഡലായിരിക്കും ഈ സബ് കോംപാക്ട് എസ്.യു.വി എന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
വി-ഷേപ്പിലുള്ള മൾട്ടി സ്ലാറ്റ് ഗ്രില്ല്, വീതി കുറഞ്ഞ എൽഇഡി ഡിആർഎൽ, പുതിയ ഡിസൈനിലുള്ള മൾട്ടി സ്പോക്ക് അലോയി വീൽ, ബംമ്പറിൽ സ്ഥാനം പിടിച്ചിരിക്കുന്ന മൾട്ടി ബീം എൽഇഡി ഹെഡ്ലാമ്പ്, ബോഡി കളറിനൊപ്പം ബ്ലാക്ക് പ്ലാസ്റ്റിക്കും നൽകിയിട്ടുള്ള ഡ്യുവൽ ടോൺ ബംമ്പർ എന്നിവ ചിത്രത്തിൽ കാണാം.
ടാറ്റ നെക്സോൺ, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്.യു.വി 300 തുടങ്ങിയ വാഹനങ്ങളാണ് പ്രധാന എതിരാളികൾ. ഈ വാഹനത്തിന് കരുത്തേകുനത് 71 ബിഎച്ച്പി പവറും 96 എൻഎം ടോർക്കുമേകുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് എൻജിനായിരിക്കും. അഞ്ച് സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്മിഷനുകളും ഈ കോംപാക്ട് എസ്.യു.വിയിൽ ഒരുക്കും. റെനോ-നിസാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയിട്ടുള്ള സിഎംഎഫ്എ മോഡുലാൻ പ്ലാറ്റ്ഫോമിലായിരിക്കും റെനോയുടെ ഈ മോഡലുമെത്തുന്നത് എന്നാണ് റിപ്പോർട്ട്.






